അഡ്‌ലയ്ഡ് - ടെസ്റ്റ് കരിയറിലെ ആദ്യ പന്തില്‍ വിക്കറ്റെടുത്ത് വെസ്റ്റിന്‍ഡീസ് പെയ്‌സ്ബൗളര്‍ ഷമര്‍ ജോസഫ്. ഷമര്‍ രണ്ട് വിക്കറ്റെടുത്തതോടെ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം വലിയ അഭിമാനക്ഷതമില്ലാതെ വിന്‍ഡീസ് അഡ്‌ലയ്ഡ് ഗ്രൗണ്ട് വിട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്റെ യുവനിര 188 ന് ഓളൗട്ടായിരുന്നു. ഓസ്‌ട്രേലിയക്ക് 59 റണ്‍സിന് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടു.
ഓപണറായി ഇറങ്ങിയ സ്റ്റീവ് സ്മിത്തിനെയാണ് (12) ഷമര്‍ പുറത്താക്കിയത്. ഫസ്റ്റ് ചെയ്ഞ്ചായി ബൗളിംഗിന് വന്ന ഇരുപത്തിനാലുകാരന്‍ ആദ്യ പന്തില്‍ സ്മിത്തിനെ മൂന്നാം സ്ലിപ്പിലെ ക്യാച്ചില്‍ പുറത്താക്കി. മാര്‍നസ് ലാബുഷൈന്റെയും (10) വിക്കറ്റെടുത്തു. ഒരു റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ വിക്കറ്റ് കീപ്പറുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട ഉസ്മാന്‍ ഖ്വാജയും (30 നോട്ടൗട്ട്) കാമറൂണ്‍ ഗ്രീനുമാണ് (6 നോട്ടൗട്ട്) ക്രീസില്‍.
നേരത്തെ പതിനൊന്നാമനായി ഇറങ്ങിയ ഷമാര്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമായി ആഞ്ഞടിച്ച് 36 റണ്‍സെടുത്തതോടെയാണ് വിന്‍ഡീസ് ഇന്നിംഗ്‌സ് 188 ലെത്തിയത്. 133 റണ്‍സുള്ളപ്പോള്‍ സന്ദര്‍ശകര്‍ക്ക് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. അവസാന വിക്കറ്റില്‍ ഷമാറും കെമാര്‍ റോച്ചും (17 നോട്ടൗട്ട്) 55 റണ്‍സ് ചേര്‍ത്തു. ഇന്നിംഗ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇത്. കന്നി അര്‍ധ ശതകം തികച്ച കിര്‍ക് മെക്കന്‍സി (50) മാത്രമേ മുന്‍നിരയില്‍ പിടിച്ചുനിന്നുള്ളൂ. ഷമാറിന് പുറമെ കാവെം ഹോഡ്ജ്, ജസ്റ്റിന്‍ ഗ്രീവ്‌സ് എന്നിവരും വിന്‍ഡീസ് ടീമില്‍ അരങ്ങേറി. ഹോഡ്ജ് 12 റണ്‍സിനും ഗ്രീവ്‌സ് അഞ്ച് റണ്‍സിനും പുറത്തായി. ഓസ്‌ട്രേലിയക്കു വേണ്ടി ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമിന്‍സും നാലു വീതം വിക്കറ്റെടുത്തു.
ഷമാറിന്റെ ആറാമത്തെ ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് ഇത്.