അല്‍ഊല - പലതവണ ലോക ചാമ്പ്യനായ സെബാസ്റ്റ്യന്‍ ലോബ് ദാകാര്‍ റാലിയില്‍ ഈ സീസണിലെ നാലാമത്തെ വിജയം നേടി. ഹായിലില്‍ നിന്ന് അല്‍ഊലയിലേക്കുള്ള ഒമ്പതാം സ്റ്റെയ്ജില്‍ ഫ്രഞ്ച് ഡ്രൈവര്‍ ഒന്നാമതെത്തി. എന്നാല്‍ സ്പാനിഷ് ഡ്രൈവര്‍ കാര്‍ലോസ് സയ്ന്‍സിനാണ് ഓവറോള്‍ ലീഡ്. ബൈക്ക് വിഭാഗത്തിലും ഫ്രഞ്ച് റൈഡര്‍ അഡ്രിയന്‍ വാന്‍ബേവറേന്‍ ഒന്നാം സ്ഥാനത്തെത്തി. റിക്കി ബ്രാബെക്കിനാണ് ബൈക്ക് വിഭാഗത്തില്‍ ഓവറോള്‍ ലീഡ്.
400 കി.മീ സ്‌പെഷ്യല്‍ സ്റ്റെയ്ജ് ഉള്‍പെട്ടതാണ് ഒമ്പതാം സ്റ്റെയ്ജ്. ദാകാറിന്റെ ചരിത്രത്തില്‍ ലോബിന്റെ ഇരുപത്തേഴാമത്തെ സ്റ്റെയ്ജ് വിജയമാണ് ഇത്. ഇതുവരെ ദാകാറില്‍ ചാമ്പ്യനായിട്ടില്ല. ഈ സീസണില്‍ സയ്ന്‍സിന് 20 മിനിറ്റിലേറെ പിന്നിലാണ്. വെള്ളിയാഴ്ചയാണ് യാമ്പൂവില്‍ ഫൈനല്‍ സ്റ്റെയ്ജ്.