റോം - കോച്ച് ജോസെ മൗറിഞ്ഞോയെ ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് റോമ അപ്രതീക്ഷിതമായി പുറത്താക്കി. പകരം ഇറ്റലിയുടെ ലോകകപ്പ് ചാമ്പ്യന്‍ ഡാനിയേല്‍ ഡി റോസി തന്റെ ബാല്യകാല ക്ലബ്ബിന്റെ പരിശീലക പദവി ഏറ്റെടുത്തു. മുന്‍ ഇറ്റലി മിഡ്ഫീല്‍ഡര്‍ രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍ ഏതാണ്ടുടനീളം റോമയിലായിരുന്നു. നാല്പതുകാരന് കോച്ചിംഗില്‍ വലിയ പരിചയമില്ല. രണ്ടാം ഡിവിഷന് ക്ലബ്ബായ സ്പാലിനെ നാലു മാസം പരിശീലിപ്പിച്ചിരുന്നു. ക്ലബ്ബ് തരംതാഴ്ത്തപ്പെട്ടതോടെ റോസിയെ പുറത്താക്കി.
നിരന്തരം തിരിച്ചടിയേറ്റതോടെ ഇറ്റാലിയന്‍ ലീഗില്‍ റോമ ഒമ്പതാം സ്ഥാനത്താണ്. പുറത്താക്കല്‍ പ്രഖ്യാപിക്കും മുമ്പ് മൗറിഞ്ഞൊ റോമയുടെ ട്രിഗോറിയ ട്രയ്നിംഗ് ഗ്രൗണ്ട് വിട്ടു. പോര്‍ചുഗീസുകാരന്‍ സൗദി അറേബ്യയില്‍ ക്ലബ്ബ് കോച്ചായി വരുമെന്നാണ് സൂചന. മൗറിഞ്ഞോയുടെ കരാര്‍ ജൂണില്‍ അവസാനിക്കുകയാണ്. എന്നാല്‍ കരാര്‍ പുതുക്കാനുള്ള നീക്കങ്ങളൊന്നുമുണ്ടായില്ല. ബ്രസീല്‍ കോച്ചായി പരിഗണിക്കപ്പെടുന്നുവെന്ന വാര്‍ത്ത വന്നപ്പോഴും റോമയില്‍ തുടരാനാണ് അറുപതുകാരന് താല്പര്യം പ്രകടിപ്പിച്ചത്.