റിയാദ് - മുന്‍ ലോക ഒന്നാം നമ്പര്‍ റഫായേല്‍ നദാലിനെ സൗദി ടെന്നിസ് ഫെഡറേഷന്റെ അംബാസഡറായി നിയമിച്ചു. കൂടുതല്‍ പ്രൊഫഷനല്‍ ടെന്നിസ് ടൂര്‍ണമെന്റുകള്‍ നടത്താനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിയമനം. സൗദിയില്‍ എല്ലാ മേഖലയിലും വളര്‍ച്ചയും പുരോഗതിയുമാണ് കാണുന്നതെന്നും അതിന്റെ ഭാഗമാവുന്നതില്‍ സന്തോഷമേയുള്ളൂ എന്നും മുപ്പത്തേഴുകാരന് പറഞ്ഞു. 22 ഗ്രാന്റ്സ്ലാമുകള്‍ക്കുടമയായ സ്പെയിന്കാരന് ഈ വര്‍ഷം വിരമിക്കുമെന്നാണ് കരുതുന്നത്. പരിക്കു കാരണം ഒരു വര്‍ഷത്തോളം വിട്ടുനിന്ന നദാല്‍ ഈയിടെ തിരിച്ചുവന്നെങ്കിലും ഓസ്ട്രേലിയന്‍ ഓപണിന് മുമ്പ് വീണ്ടും പരിക്കേറ്റു.
ടെന്നിസ് കളിക്കുന്നത് പ്രിയപ്പെട്ടതാണെന്നും അത് തുടരുമെന്നും ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളിയുടെ വളര്‍ച്ചയില്‍ പങ്കാളിയാവുമെന്നും സൗദിയില്‍ ടെന്നിസിന് വലിയ സാധ്യതകളാണെന്നും നദാല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആദ്യത്തെ എ.ടി.പി ടൂര്‍ണമെന്റ് ഉള്‍പ്പെടെ സൗദി നിരവധി പ്രധാന ടെന്നിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 21 ന് താഴെയുള്ള മികച്ച കളിക്കാരുടെ നെക്സ്റ്റ് ജെന്‍ എ.ടി.പി ഫൈനല്‍സിന് ജിദ്ദയാണ് വേദിയൊരുക്കിയത്. അടുത്ത അഞ്ചു വര്‍ഷം ഈ ടൂര്‍ണമെന്റ് സൗദിയിലായിരിക്കും. നോവക് ജോകോവിച്, കാര്‍ലോസ് അല്‍കാരസ്, അരീന സബലങ്ക, ഉന്‍സ് ജാബിര്‍ തുടങ്ങിയവര്‍ റിയാദ് സീസണ് കപ്പില്‍ പങ്കെടുത്തു. നദാല്‍ ഈയിടെ റിയാദിലെ ജൂനിയര്‍ ടെന്നിസ് ക്ലിനിക് സന്ദര്‍ശിച്ചിരുന്നു. സൗദിയില്‍ കൂടുതല്‍ സമയം ചെലവിടുന്ന നദാല്‍ പുതിയ റഫ നദാല്‍ അക്കാദമിയും ആരംഭിക്കും.