ഭുവനേശ്വര്‍ - മുംബൈ സിറ്റി എഫ്.സിയോട് അവസാന വേളയില്‍ തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം മാറാതെ ഗോകുലം കേരള എഫ്.സി. ആത്മവീര്യം നഷ്ടപ്പെട്ട നിലയില്‍ ചെന്നൈയന്‍ എഫ്.സിയെ നേരിട്ട മലബാരിയന്‍സ് രണ്ടാം തോല്‍വിയോടെ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് പുറത്തായി. ഇരു പകുതികളിലായി ചെന്നൈയന്‍ രണ്ടു ഗോളടിച്ചു. അറുപത്തൊമ്പതാം മിനിറ്റില്‍ റിഷാദ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഗോകുലം പത്തു പേരായിച്ചുരുങ്ങി. ഇരുപത്തഞ്ചാം മിനിറ്റില്‍ കോണര്‍ ഷീല്‍ഡ്‌സും അറുപത്തിനാലാം മിനിറ്റില്‍ ഇര്‍ഫാന്‍ യദ്‌വദുമാണ് ചെന്നൈയനു വേണ്ടി ലക്ഷ്യം കണ്ടത്.
മധ്യനിരയില്‍ കളി പിടിക്കാന്‍ ഗോകുലത്തിന് സാധിക്കാതിരുന്നതോടെ ചെന്നൈയന്റെ വിജയം അനായാസമായിരുന്നു. രണ്ട് ടീമുകള്‍ക്കും കൃത്യമായ പദ്ധതിയോടെ ആക്രമിക്കാന്‍ സാധിച്ചില്ല. അങ്കിത് മുഖര്‍ജിയുടെ ക്രോസില്‍ നിന്ന് ഷീല്‍ഡ്‌സ് അപ്രതീക്ഷിതമായി ഗോള്‍ നേടിയതോടെ ചെന്നൈയന്‍ ആധിപത്യം നേടി. ഗോള്‍ വീണിട്ടും ഗോകുലം ഉണര്‍ന്നില്ല. രണ്ടാം പകുതിയിലും ഗോകുലം പ്രതിരോധവും ചെന്നൈയന്‍ മധ്യനിരയും തമ്മിലായിരുന്നു കളി.
ക്രമേണ ഗോകുലം പരുക്കനടവുകള്‍ പുറത്തെടുത്തു. റിഷാദ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ അവര്‍ പൂര്‍ണമായി പ്രതിരോധത്തിലായി. രണ്ട് കളിയില്‍ നാല് പോയന്റുള്ള ചെന്നൈയന് മുംബൈ സിറ്റിയെ തോല്‍പിച്ചാല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്താം.