Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പടിയിറങ്ങിയ വര്‍ഷവും മെസ്സി ഫിഫ  ബെസ്റ്റ്, മനസ്സിലാവാതെ ആരാധകര്‍

ലണ്ടന്‍ - ലിയണല്‍ മെസ്സി ഫലത്തില്‍ പടിയിറങ്ങിയ വര്‍ഷമാണ് 2023. ഡിസംബര്‍ 2022 ല്‍ അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ശേഷം മെസ്സി വിടവാങ്ങുമെന്ന് കരുതിയവരേറെ. ക്ലബ്ബ് ഫുട്‌ബോളില്‍ യൂറോപ്പിന്റെ തീക്ഷ്ണത ഉപേക്ഷിച്ച് അമേരിക്കയിലെ താരതമ്യേന വിശ്രമകാലം മെസ്സി സ്വീകരിച്ചു. എന്നിട്ടും യൂറോപ്യന്‍ ഫുട്‌ബോളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച എര്‍ലിംഗ് ഹാളന്റിനെയും കീലിയന്‍ എംബാപ്പെയെയും മറികടന്ന് മെസ്സി എട്ടാം തവണ മികച്ച കളിക്കാരനുള്ള ഫിഫ ബഹുമതി നേടി. 
നേട്ടങ്ങളെക്കാള്‍ ആദരവാണ് മെസ്സിക്ക് അവാര്‍ഡ് കിട്ടാന്‍ കാരണമെന്ന് കരുതുന്നവരേറെ. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഹാളന്റിന്റെ കോച്ചായ പെപ് ഗാഡിയോള തന്നെ മെസ്സിയുടെ ഏറ്റവും വലിയ ആരാധകരനാണ്. ഒക്ടോബറില്‍ ബാലന്‍ഡോര്‍ ബഹുമതിക്കു മുമ്പ് ഗാഡിയോള പറഞ്ഞു:  ബാലന്‍ഡോര്‍ ബഹുമതി രണ്ട് വിഭാഗമായി തിരിക്കണം. ഒന്ന് മെസ്സിക്ക് നല്‍കണം, രണ്ടാമത്തേതിന് മറ്റുള്ളവരെ പരിഗണിക്കണം. രണ്ടാമത്തേതിന് തീര്‍ച്ചയായും ഹാളന്റ് അര്‍ഹനാണ്. ഹാളന്റ് ഗോളടിച്ചു കൂട്ടിയതിനാലാണ് ഞങ്ങള്‍ ഹാട്രിക് കിരീടം നേടിയത്. പക്ഷെ മെസ്സി മറ്റൊരു തലത്തിലാണ്. മെസ്സിയുടെ ഏറ്റവും മോശം സീസണ്‍ മറ്റു കളിക്കാരെ സംബന്ധിച്ചിടത്തോളം ബെസ്റ്റ് സീസണാണ്.
യൂറോപ്പ് വിടുന്നതിന് മുമ്പ് പി.എസ്.ജിക്കൊപ്പം ഫ്രഞ്ച് ലീഗ് ചാമ്പ്യനായിരുന്നു മെസ്സി. എന്നാല്‍ പി.എസ്.ജി ആരാധകര്‍ പോലും മെസ്സിയെ കൂവുകയായിരുന്നു. അനുമതി ചോദിക്കാതെ അവധിയെടുത്തതിന് ക്ലബ്ബ് സസ്‌പെന്റ് ചെയ്തിരുന്നു. അമേരിക്കന്‍ ലീഗില്‍ താഴെത്തട്ടിലുള്ള ഇന്റര്‍ മയാമിയെ ഉയര്‍ത്തിക്കൊണ്ടുവന്നതാണ് മെസ്സിയുടെ നേട്ടം. എന്നാല്‍ യൂറോപ്പിലെ പ്രമുഖ ലീഗുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മേജര്‍ ലീഗ് ഒട്ടും ശക്തമല്ല. 
2018 ല്‍ എംബാപ്പെയുടെ കരുത്തില്‍ ഫ്രാന്‍സ് ലോക കിരീടം നേടിയപ്പോള്‍ ഫുട്‌ബോളിലെ രാജസിംഹാസനത്തിന് പുതിയ അവകാശിയെത്തിയെന്നാണ് കരുതിയത്. എന്നാല്‍ 2022 ലെ ലോകകപ്പില്‍ എംബാപ്പെയുമായി മുഖാമുഖം വന്നപ്പോള്‍ മെസ്സിയുടെ അര്‍ജന്റീന ചാമ്പ്യന്മാരായി. എംബാപ്പെയും ഹാളന്റും ജൂഡ് ബെലിംഗാമും വിനിസിയൂസ് ജൂനിയറുമൊക്കെ തല്‍ക്കാലം കാത്തിരിക്കണം. മെസ്സിയോടുള്ള സ്‌നേഹം അത്ര പെട്ടെന്ന് അലിഞ്ഞുതീരില്ല. 
ഒരിക്കല്‍ കൂടി മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബഹുമതി നേടി. മികച്ച പുരുഷ താരത്തെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പില്‍ മെസ്സിക്കും മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര് എര്‍ലിംഗ് ഹാളന്റിനും തുല്യ വോട്ടാണ് ലഭിച്ചത്. ടൈബ്രേക്കറിലാണ് മെസ്സി തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ടീം ക്യാപ്റ്റന്മാരുടെ വോട്ടാണ് ടൈബ്രേക്കറില്‍ പരിഗണിച്ചത്. 
കോച്ചുമാരും ക്യാപ്റ്റന്മാരും ജേണലിസ്റ്റുകളും ഓണ്‍ലൈന്‍ ആരാധകരും പങ്കെടുത്ത വോട്ടിംഗില്‍ മെസ്സിക്കും ഹാളന്റിനും 48 പോയന്റ് വീതമായിരുന്നു. ദേശീയ ക്യാപ്റ്റന്മാരുടെ ഫസ്റ്റ് വോട്ട് ആര്‍ക്കാണ് കൂടുതല്‍ കിട്ടിയതെന്ന് ടൈബ്രേക്കറില്‍ പരിഗണിച്ചു. ഇതില്‍ 107 വോട്ട് മെസ്സിക്കും 64 വോട്ട് ഹാളന്റിനുമായിരുന്നു. മെസ്സിയും ഹാളന്റും മൂന്നാം സ്ഥാനത്തെത്തിയ കീലിയന്‍ എംബാപ്പെയും ലണ്ടനിലെ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തില്ല. ഹാളന്റിനെയും എംബാപ്പെയെയും മറികടന്ന് ഒക്ടോബറില്‍ ബാലന്‍ഡോര്‍ ബഹുമതിയും മെസ്സി കരസ്ഥമാക്കിയിരുന്നു. 
സ്‌പെയിനിനെ ലോകകപ്പ് വിജയത്തിലേക്കും ബാഴ്‌സലോണയെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും നയിച്ച അയ്താന ബോണ്‍മതിയാണ് മികച്ച വനിതാ താരം. ബാലന്‍ഡോര്‍, യുവേഫ അവാര്‍ഡുകളും ഇരുപത്തഞ്ചുകാരിക്കായിരുന്നു. സ്‌പെയിനിന്റെ തന്നെ ജെന്നി ഹോര്‍മോസൊ, കൊളംബിയയുടെ ലിന്‍ഡ കായ്‌സീഡൊ എന്നിവരായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 
മികച്ച ഗോള്‍കീപ്പര്‍മാര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീല്‍ താരം എഡേഴ്‌സനും ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും വനിതാ ഗോളി മേരി ഈര്‍പ്‌സുമാണ്. മാഞ്ചസ്റ്റര്‍ സിറ്റിയെ കഴിഞ്ഞ വര്‍ഷം അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച പെപ് ഗാഡിയോള മികച്ച പുരുഷ ടീം കോച്ചായി. ഇംഗ്ലണ്ടിന്റെ സെറീന വീഗമാനാണ് വനിതാ വിഭാഗത്തില്‍ മികച്ച കോച്ച്. 
ഒന്നരപ്പതിറ്റാണ്ടിനിടെ എട്ടാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റാവുന്നത്. കഴിഞ്ഞ വര്‍ഷവും മെസ്സിക്കായിരുന്നു അവാര്‍ഡ്. ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിനായിരുന്നു ഇത്. ഈ വര്‍ഷം മെസ്സി തെരഞ്ഞെടുക്കപ്പെട്ടത് അദ്ഭുതമായി. ആരാധകര്‍ ഒന്നടങ്കം മെസ്സിയെ പിന്തുണച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ വോട്ട് ഹാളന്റിനായിരുന്നു. ദേശീയ കോച്ചുമാരുടെ വോട്ടിംഗിലും ഹാളന്റിനായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ ക്യാപ്റ്റന്മാര്‍ മെസ്സിക്ക് വോട്ട് ചെയ്തു. മെസ്സി കളിച്ചിരുന്ന പി.എസ്.ജി ചാമ്പ്യന്‍സ് ലീഗില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്റര്‍ മയാമിയില്‍ മെസ്സി ചേര്‍ന്നതോടെ അമേരിക്കന്‍ ലീഗിന് താരപദവി ലഭിച്ചു. 
അതേസമയം ഹാളന്റ് ലോകകപ്പിന് ശേഷമുള്ള 36 കളികളില്‍ 28 ഗോളടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടവിജയങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. നോര്‍വെക്കു വേണ്ടി കളിച്ച മൂന്നു മത്സരങ്ങളില്‍ മൂന്ന് ഗോളടിച്ചു. എംബാപ്പെയും ഒരു കളിയില്‍ ശരാശരി ഒരു ഗോളെങ്കിലും ലോകകപ്പിനു ശേഷമുള്ള കാലയളവില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. അതേസമയം ലോകകപ്പിനു ശേഷം 22 കളികളില്‍ ഒമ്പത് ഗോളും ആറ് അസിസ്റ്റും മാത്രമേ പി.എസ്.ജിയില്‍ മെസ്സിയുടെ പേരിലുള്ളൂ.  

Latest News