ഗുവാഹതി - ഫോളോഓണ്‍ ചെയ്ത ശേഷം അസം പിടിച്ചുനിന്നതോടെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് സമനില സമ്മതിക്കേണ്ടി വന്നു. അസമിനെ 248 ന് പുറത്താക്കി കേരളം 171 റണ്‍സ് ലീഡ് നേടിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചു. ഓപണര്‍ രാഹുല്‍ ഹസാരികയുടെ സെഞ്ചുറിയോടെ (107) അവര്‍ മൂന്നിന് 212 ലെത്തി നില്‍ക്കെ കളി അവസാനിപ്പിച്ചു. കേരളത്തിന് മൂന്നും അസമിന് ഒന്നും പോയന്റ് കിട്ടി. ഗ്രൂപ്പ് ബി-യില്‍ മുംബൈക്കും (14 പോയന്റ്) ഛത്തിസ്ഗഢിനും (10) പിന്നില്‍ യു.പിയും ബംഗാളും കേരളവും (4) മൂന്നാം സ്ഥാനം പങ്കിടുന്നു.
രാവിലെ ഏഴിന് 231 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച അസമിനെ 17 പന്തില്‍ കേരളം ഓളൗട്ടാക്കി. ബെയ്‌സില്‍ തമ്പിയും (5-82) ജലജ് സക്‌സേനയുമാണ് (4-58) അസമിനെ തകര്‍ത്തത്. എന്നാല്‍ ഫോളോഓണ്‍ ചെയ്ത ശേഷം കേരളാ ബൗളിംഗിന് മേല്‍ അസം ആധിപത്യം നേടി.
കേരളത്തിന്റെ അടുത്ത കളി തിരുവനന്തപുരത്ത് മുംബൈക്കെതിരെയാണ്. അസം ദിബ്രുഗഢില്‍ ആന്ധ്രയെ നേരിടും.