ഹായില്‍ - ദാകാര്‍ റാലിയുടെ എട്ടാം സ്‌റ്റെയ്ജില്‍ മുന്നില്‍ കുതിക്കവെ വെറ്ററന്‍ സെബാസ്റ്റിയന്‍ ലോബിന് വഴി തെറ്റി. അല്‍ദവാദ്മിയില്‍ നിന്ന് ഹായില്‍ വരെയുള്ള 458 കിലോമീറ്റര്‍ സ്‌റ്റെയ്ജില്‍ 366 കിലോമീറ്റര്‍ പിന്നിടുന്നതു വരെ ലോബായിരുന്നു ഒന്നാം സ്ഥാനത്ത്. മതിയാസ് എക്‌സ്‌ട്രോമിനെക്കാള്‍ രണ്ടര മിനിറ്റിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വഴി തെറ്റുകയും തിരിച്ചുവരാന്‍ സമയമെടുക്കുകയും ചെയ്തു. പത്താമനായാണ് ഫിനിഷ് ചെയ്തത്. എക്‌സ്‌ട്രോം ഒന്നാം സ്ഥാനത്തെത്തി.
എങ്കിലും ഏഴാം സ്‌റ്റെയ്ജില്‍ സസ്‌പെന്‍ഷന്‍ നേരിട്ട സ്വീഡിഷ് ഡ്രൈവര്‍ക്ക് കിരീട സാധ്യത ഇല്ല. എക്‌സ്‌ട്രോമിന് രണ്ടേ മുക്കാല്‍ മിനിറ്റ് പിന്നില്‍ സ്റ്റെഫന്‍ പീറ്റര്‍ഹാന്‍സല്‍ രണ്ടാമതെത്തി. നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കാര്‍ലോസ് സയ്ന്‍സിനാണ് ഓവറോള്‍ ലീഡ്. ലോബാണ് രണ്ടാമത്.
ബൈക്ക് വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ കെവിന്‍ ബെനാവിദേസാണ് എട്ടാം സ്റ്റെയ്ജ് വിജയി. അനുജന്‍ ലൂസിയാനോയെക്കാള്‍ 31 സെക്കന്റ് മുന്നില്‍. എട്ടാം സ്‌റ്റെയ്ജില്‍ ആദ്യ ഭാഗം മരുഭൂമിയിലൂടെയും പിന്നീട് മലമ്പ്രദേശങ്ങളിലൂടെയുമായിരുന്നുവെന്നും ആസ്വദിച്ചുവെന്നും കെവിന്‍ പറഞ്ഞു. മുന്നില്‍ കുതിക്കുകയായിരുന്ന അഡ്രിയന്‍ വാന്‍ബേവറേന്‍ തന്ത്രപൂര്‍വം വേഗം കുറക്കുകയായിരുന്നു. ഒമ്പതാം സ്റ്റെയ്ജില്‍ മരുഭൂമിയിലൂടെ ആദ്യം കുതിക്കുന്നത് ഒഴിവാക്കാന്‍.
റിക്കി ബ്രാബച്ചിനാണ് ബൈക്ക് വിഭാഗത്തില്‍ ഓവറോള്‍ ലീഡ്. ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഹായിലില്‍ നിന്ന് അല്‍ഉല വരെയുള്ള 417 കി.മീ വരുന്ന ഒമ്പതാം സ്റ്റെയ്‌ജെന്ന് സ്ംഘാടകര്‍ കരുതുന്നു.