മെല്‍ബണ്‍ - വിംബിള്‍ഡണ്‍ ചാമ്പ്യന്‍ മാര്‍ക്കറ്റ വന്‍ഡ്രൂസോവ ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. യോഗ്യതാ റൗണ്ടിലൂടെ വന്ന ഉക്രൈന്‍ താരം ദയാന യെസ്‌ട്രെംസ്‌കയാണ് 6-1, 6-2 ന് ഏഴാം സീഡിനെ കെട്ടുകെട്ടിച്ചത്. ചെക് റിപ്പബ്ലിക്കുകാരിയായ വന്‍ഡ്രൂസോവ കഴിഞ്ഞയാഴ്ച അഡ്‌ലയ്ഡ് ഓപണ്‍ മുതല്‍ പരിക്കുമായി ബുദ്ധിമുട്ടുകയാണ്. കോര്‍ട്ടില്‍ ആഗ്രഹിച്ചതുപോലെ ചലിക്കാന്‍ സാധിച്ചിരുന്നില്ല. 93ാം റാങ്കുകാരിയാണ് യെസ്‌ട്രെംസ്‌ക. ജൂലൈയില്‍ തുനീഷ്യക്കാരി ഉന്‍സ് ജാബിറിനെ ഫൈനലില്‍ തോല്‍പിച്ചാണ് വന്‍ഡ്രൂസോവ വിംബിള്‍ഡണ്‍ ചാമ്പ്യനായത്.
യു.എസ് ഓപണ്‍ ചാമ്പ്യന്‍ കോക്കൊ ഗഫ്, 19ാം സീഡ് എലീന സ്വിറ്റോലിന എന്നിവര്‍ ആദ്യ റൗണ്ട് പിന്നിട്ടു. 31ാം സീഡ് മേരി ബൂസ്‌കോവ, തമാര സിദാന്‍സെക്, യാനീന വിക്മയര്‍, സാറ ഇറാനി എന്നിവര്‍ പുറത്തായി.