റിയാദ് - സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് റയല്‍ മഡ്രീഡ് കണക്കു തീര്‍ത്തു. എല്‍ക്ലാസിക്കൊ കലാശപ്പോരാട്ടത്തില്‍ ബാഴ്‌സലോണയെ അവര്‍ 4-1 ന് തകര്‍ത്തു. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ അന്നസ്‌റിന്റെ അവ്വല്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ വിനിസിയൂസ് ജൂനിയറാണ് ഹാട്രിക്കോടെ റയലിന്റെ സൂപ്പര്‍ താരമായത്.
വിനിസിയൂസിന്റെ മൂന്നു ഗോളും ആദ്യ പകുതിയിലായിരുന്നു. റോഡ്രിഗോയും സ്‌കോര്‍ ചെയ്തു. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി ആദ്യ പകുതിയില്‍ ബാഴ്‌സലോണയുടെ ആശ്വാസ ഗോള്‍ നേടി.
റയലിന്റെ പതിമൂന്നാമത്തെ സൂപ്പര്‍ കപ്പാണ് ഇത്. ബാഴ്‌സലോണയോട് (14) അടുക്കുകയാണ് അവര്‍. നാലു വര്‍ഷം മുമ്പ് പുതിയ സെമിഫൈനല്‍ രൂപത്തില്‍ സൂപ്പര്‍ കപ്പ് സൗദിയിലേക്ക് മാറ്റിയ ശേഷം രണ്ടാം തവണയാണ് റയല്‍ ചാമ്പ്യന്മാരാവുന്നത്. കഴിഞ്ഞ വര്‍ഷം അവര്‍ ബാഴ്‌സലോണയോട് 1-3 ന് തോറ്റിരുന്നു. ഈ സീസണില്‍ രണ്ടാമത്തെ എല്‍ക്ലാസിക്കോയാണ് റയല്‍ ജയിക്കുന്നത്. ഒകടോബറില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ ഗ്രൗണ്ടിലും റയലാണ് ജയിച്ചത്. 21 മത്സരങ്ങളിലായി അജയ്യരാണ് റയല്‍. അവരുടെ അവസാന തോല്‍വി സെപ്റ്റംബറില്‍ സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കൊ മഡ്രീഡിനോടാണ്.
71ാം മിനിറ്റില്‍ വിനിസിയൂസിനെ ഫൗള്‍ ചെയ്തതിന് റൊണാള്‍ഡ് അരോഹൊ രണ്ടാം മഞ്ഞക്കാര്‍ഡ് നേടിയതോടെ ബാഴ്‌സലോണ പത്തു പേരായിച്ചുരുങ്ങി. തോല്‍വി ബാഴ്‌സലോണ കോച്ച് ഷാവിക്കു മേല്‍ സമ്മര്‍ദ്ദമേറ്റും. സമീപകാലത്ത് പഴയപ്രതാപത്തിന്റെ നിഴല്‍ മാത്രമാണ് അവര്‍.
നവംബര്‍ പരിക്കുമായി ബുദ്ധിമുട്ടുന്ന വിനിസിയൂസ് ഏഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. 10, 39 മിനിറ്റുകളിലായി ഹാട്രിക് തികച്ചു. മൂന്നാമത്തേത് അരോഹൊ തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. 33ാം മിനിറ്റിലായിരുന്നു ബാഴ്‌സലോണയുടെ ഗോള്‍. വിനിസിയൂസിന്റെ പാസില്‍ നിന്ന് 64ാം മിനിറ്റില്‍ റോഡ്രിഗൊ സ്‌കോറിംഗ് പൂര്‍ത്തിയാക്കി.