മെല്‍ബണ്‍ - ഓസ്ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ ഉദ്ഘാടന ദിവസം നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ നോവക് ജോകോവിച്ചിനെ യോഗ്യതാ റൗണ്ടിലൂടെ വന്ന ടീനേജര്‍ വിറപ്പിച്ചു. നാലു മണിക്കൂറിലേറെ പൊരുതിയാണ് പതിനെട്ടുകാരന് ദീനൊ പ്രിസ്മിച്ചിനെ നോവക് തോല്പിച്ചത്. രണ്ടാം സെറ്റ് പ്രിസ്മിച് സ്വന്തമാക്കുകയും ചെയ്തു. സ്കോര്‍: 6-2, 6-7 (5/7), 6-3, 6-4.
കഴിഞ്ഞ വര്‍ഷം ഏഴാം സീഡ് സ്റ്റെഫനോസ് സിറ്റ്സിപാസിനെ അനായാസം തോല്പിച്ചാണ് നോവക് കിരീടത്തിലേക്ക് കുതിച്ചത്. എന്നാല്‍ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനായിരുന്ന ക്രൊയേഷ്യക്കാരന്‍ പ്രിസ്മിച്ചിന്റെ ബെയ്സ് ലൈന്‍ പോരാട്ടത്തില്‍ നോവക്കിന് പലപ്പോഴും കാലിടറി. പ്രിസ്മിച്ചിന്റെ ഓസ്ട്രേലിയന്‍ ഓപണ്‍ അരങ്ങേറ്റമാണ് ഇത്. ഓസ്ട്രേലിയന്‍ ഓപണില്‍ കളിച്ച 98 മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് നോവക് തോറ്റത്. 10 തവണ ചാമ്പ്യനായിട്ടുണ്ട്.
ഒമ്പത് തവണ ഗ്രാന്റ്സ്ലാമുകളില്‍ ക്വാര്‍ട്ടറിലെത്തിയിട്ടുള്ള ആന്ദ്രെ റൂബലേവ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അഞ്ചാം സെറ്റ് ടൈബ്രേക്കറില്‍ 2-5 ന് പിന്നിലായ ശേഷം അടുത്ത ഒമ്പത് പോയന്റില്‍ എട്ടും നേടിയാണ് തിയാഗൊ സെയ്ബോത്തിനെ റൂബലേവ് 7-5, 6-4, 3-6, 4-6, 7-6 (8/6) ന് തോല്പിച്ചത്. കഴിഞ്ഞ ഫ്രഞ്ച് ഓപണില്‍ മുന്‍നിര താരം ഡാനില്‍ മെദവദേവിനെ സെയ്ബോത് ആദ്യ റൗണ്ടില്‍ അട്ടിമറിച്ചിരുന്നു.
മുന്‍ ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ മാരിന് സിലിച്, വനിതാ ഇരുപതാം സീഡ് മാഗ്ദ ലിനറ്റ്, 30ാം സീഡ് വാംഗ് സിന്യു, ആലിസ് കോര്‍ണെ എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി.