ദാകാര്‍: ഒന്നാം സ്ഥാനക്കാരന്‍  അല്‍റാജിയുടെ സ്വപ്‌നം പൊലിഞ്ഞു

ശുബൈത - ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൗദി അറേബ്യന്‍ ഡ്രൈവര്‍ യസീദ് അല്‍റാജിയുടെ ദാകാര്‍ കിരീടസ്വപ്‌നം പൊലിഞ്ഞു. വ്യാഴാഴ്ച ആറാം സ്റ്റെയ്ജില്‍ ശുബൈതക്കു സമീപമുണ്ടായ അപകടത്തെത്തുടര്‍ന്നാണ് ഇത്. കാറിന് ഗുരുതരമായ കേടുപാട് പറ്റിയതായി നാല്‍പത്തിരണ്ടുകാരന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തെത്തിയ യസീദ് ഇത്തവണ ഓവറോള്‍ ലീഡില്‍ ഒന്നാം സ്ഥാനത്തായിരുന്നു. 
ശുബൈതയില്‍ നിന്ന് റിയാദിലേക്കുള്ള 48 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പുതിയ ക്രോണോ സ്‌റ്റെയ്ജില്‍ 51 കിലോമീറ്റര്‍ പിന്നിടുമ്പോഴായിരുന്നു അപകടം. ടൊയോട്ട ഡ്രൈവറുടെ ഹൈലക്‌സിന് കാര്യമായ കേടുപാട് പറ്റി. യസീദ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കിരീട സ്വപ്‌നം തകര്‍ന്നെങ്കിലും യസീദ് ശനിയാഴ്ച വിശ്രമദിനം കഴിഞ്ഞ ശേഷം മത്സരം തുടരും. അതിന് മുമ്പ് കാര്‍ റിപ്പയര്‍ പൂര്‍ത്തിയാവുകയും ഇന്റര്‍നാഷനല്‍ ഓട്ടോമോബൈല്‍ ഫെഡറേഷന്റെ സുരക്ഷാസജ്ജീകരമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും വേണം. 
ആറാം സ്റ്റെയ്ജ് ആരംഭിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്‍ നാസര്‍ അല്‍അതിയ്യയെക്കാള്‍ ഒമ്പത് മിനിറ്റ് മൂന്നു സെക്കന്റിന്റെ ഓവറോള്‍ ലീഡുണ്ടായിരുന്നു യസീദിന്. കാര്‍ലോസ് സയ്ന്‍സ് പതിനൊന്നര മിനിറ്റിലേറെ പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു. 
ആറാം സ്റ്റെയ്ജില്‍ ശുബൈതക്കു ചുറ്റും 572 കിലോമീറ്റര്‍ സ്‌പെഷ്യല്‍ മത്സരമുണ്ടായിരുന്നു. മൂന്നു മണിയാവുമ്പോള്‍ മത്സരം നിര്‍ത്തുകയും തമ്പ് തയാറാക്കി രാത്രി താമസിക്കുകയും വേണം. മറ്റു മത്സരാര്‍ഥികള്‍ എവിടെയെന്നതിനെക്കുറിച്ച് ്ആര്‍ക്കും ധാരണയുണ്ടാവില്ല. വെള്ളിയാഴ്ച രാവിലെ ഏഴിന് മത്സരം പുനരാരംഭിക്കുകയും റിയാദില്‍ അവസാനിക്കുകയും ചെയ്യും.
 

Latest News