ട്വന്റി20യില്‍ നിന്ന് ഗില്‍ പുറത്താവുമോ?

ഇന്ത്യ x അഫ്ഗാനിസ്ഥാന്‍
ആദ്യ ട്വന്റി20
മൊഹാലി, നാളെ വൈകു: 4.30

മൊഹാലി - അടുത്ത ട്വന്റി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പര നാളെ മൊഹാലിയില്‍ ആരംഭിക്കും. അഫ്ഗാനിസ്ഥാനെതിരായ മൂന്നു മത്സര പരമ്പരക്കുള്ള ടീമില്‍ ഒരു വര്‍ഷത്തിലേറെയായി ദേശീയ ജഴ്‌സിയില്‍ കളിച്ചിട്ടില്ലാത്ത രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഉള്‍പെടുത്തിയിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണം പറഞ്ഞ് കോലി ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അഫ്ഗാനിസ്ഥാന് ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്റെ സേവനം ലഭിക്കില്ല.
രോഹിതും യശസ്വി ജയ്‌സ്വാളുമായിരിക്കും ഓപണ്‍ ചെയ്യുകയെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തി. ഇടത്-വലത് ജോഡി ഇന്ത്യക്ക് ഗുണം ചെയ്യും. കോലിയുടെ അഭാവത്തില്‍ ശുഭ്മന്‍ ഗില്‍ വണ്‍ഡൗണായി ഇറങ്ങും. എന്നാല്‍ കോലി തിരിച്ചെത്തുന്നതോടെ തുടര്‍ന്നുള്ള കളികളില്‍ ഗില്ലിന് പുറത്തിരിക്കേണ്ടി വരും. 
രോഹിതിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചിരുന്ന ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും പരിക്കു കാരണം വിട്ടുനില്‍ക്കുകയാണ്. ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ശ്രേയസ് അയ്യരെ തഴഞ്ഞു. ഇശാന്‍ കിഷനും ടീമിലില്ല. മലയാളി വിക്കറ്റ്കീപ്പര്‍ സഞ്ജു സാംസണിന് ട്വന്റി20 ലോകകപ്പ് ടീമിലെത്താനുള്ള അവസരമായിരിക്കും ഈ പരമ്പര. മത്സരത്തലേന്ന് സഞ്ജു ഏറെ സമയം നെറ്റ്‌സില്‍ ചെലവിട്ടു. 
പുറംവേദയെത്തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന റാഷിദ് പരമ്പരയിലെ മൂന്നു കളികളിലും ഉണ്ടാവില്ല. ബിഗ് ബാഷ് ലീഗിലും എസ്.എ20 ലീഗിലും റാഷിദ് കളിക്കുന്നില്ല. ഇന്ത്യക്കെതിരെ കളിക്കാനാവുമെന്ന പ്രതീക്ഷയില്‍ അഫ്ഗാനിസ്ഥാന്‍ ടീമിനൊപ്പം റാഷിദ് ചണ്ഡിഗഢിലെത്തിയിരുന്നു. എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസ് നേടിയിട്ടില്ല. റാഷിദ് ഇല്ലാതെ ഇന്ത്യയെ നേരിടുന്നത് വലിയ പ്രയാസമായിരിക്കുമെന്ന് ക്യാപ്റ്റന്‍ ഇബ്രാഹിം സദ്‌റാന്‍ പറഞ്ഞു. 
നവംബറില്‍ ലോകകപ്പിലാണ് റാഷിദ് അവസാനം കളിച്ചത്. അതിനു ശേഷം യു.എ.ഇക്കെതിരായ പരമ്പരയില്‍ വിട്ടുനിന്നു. റാഷിദിന്റെ അഭാവത്തിലും അഫ്ഗാനിസ്ഥാന് മികച്ച സ്പിന്നര്‍മാരുടെ നിരയുണ്ട്. മുജീബുറഹ്മാന്‍, മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, ഖൈസ് അഹമ്മദ്, ശറഫുദ്ദീന്‍ അശ്‌റഫ് എന്നിവര്‍ ടീമിലുണ്ട്. യു.എ.ഇക്കെതിരായ പരമ്പരയില്‍ ഖൈസ് ആറു വിക്കറ്റെടുത്തിരുന്നു. ഇന്‍ഡോറിലും ബംഗളൂരുവുമിലാണ് 14നും 17 നുമായി രണ്ടാമത്തെയും മൂന്നാമത്തെയും മത്സരം.  

Latest News