ദുബായ് - ഇന്ത്യക്കു പുറത്തുള്ള മോശം പിച്ചുകളെ കണ്ണടക്കരുതെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിമര്‍ശനം കുറിക്കു കൊണ്ടു. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ വേദിയായ കേപ്ടൗണിലെ ന്യൂലാന്റ്‌സ്് പിച്ച് നിലവാരമില്ലാത്തതാണെന്ന് ഐ.സി.സി വിധിച്ചു. ഒന്നര ദിവസം കൊണ്ട് ഇന്ത്യ ജയിച്ച മത്സരം ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റായിരുന്നു.
മികച്ചത്, തൃപ്തികരം, നിലവാരമില്ലാത്തത്, കളിക്കാന്‍ പറ്റാത്തത് എന്നിങ്ങനെയാണ് ഐ.സി.സി പിച്ചുകള്‍ക്ക് മാര്‍ക്കിടുന്നത്. നിലവാരമില്ലാത്തത് എന്ന റെയ്റ്റിംഗ് ലഭിക്കുന്ന വേദിക്ക് ഒരു മൈനസ് മാര്‍ക്ക് നല്‍കും. കളിക്കാന്‍ പറ്റാത്ത പിച്ചാണെങ്കില്‍ മൂന്ന് മൈനസ് മാര്‍ക്കും. അഞ്ച് വര്‍ഷത്തിനിടെ ആറ് മൈനസ് പോയന്റ് ലഭിച്ചാല്‍ ഒരു കൊല്ലത്തേക്ക് ആ വേദിയില്‍ ഇന്റര്‍നാഷനല്‍ മത്സരം നടത്താനാവില്ല. 12 മൈനസ് പോയന്റായാല്‍ രണ്ട് കൊല്ലത്തേക്ക് വിലക്ക് നീളും.
ഐ.സി.സി വിധി ന്യായമാണെന്നും അപ്പീലിന് പോകില്ലെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രതികരിച്ചു. ഇരു ക്യാപ്റ്റന്മാരും പിച്ചിനെ നിലവാരമില്ലാത്തതായാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് മാച്ച് റഫറി ക്രിസ് ബ്രോഡ് വെളിപ്പെടുത്തി. അപ്രതീക്ഷിതമായും വന്‍ വേഗത്തിലും പന്ത് കുത്തിയുയര്‍ന്ന പിച്ചില്‍ ബാറ്റിംഗ് അതീവ ദുഷ്‌കരമായിരുന്നുവെന്നും പല ബാറ്റര്‍മാരുടെയും ശരീരത്തില്‍ പന്ത് കൊണ്ടുവെന്നും മാച്ച് റഫറി വിലയിരുത്തി. 107 ഓവര്‍ മാത്രമാണ് മത്സരം നീണ്ടത്.






