അവ്വല്‍ പാര്‍ക്കില്‍ സ്പാനിഷ് ചാകര, റയല്‍, ബാഴ്‌സ, അത്‌ലറ്റിക്കോ എത്തി

റയല്‍ മഡ്രീഡ് x അത്‌ലറ്റിക്കൊ മഡ്രീഡ്
നാളെ രാത്രി 10.00
ബാഴ്‌സലോണ x ഒസസൂന
വ്യാഴം രാത്രി 10.00

റിയാദ് - കായിക തലസ്ഥാനമായി മാറുന്ന റിയാദില്‍ ഇനി സ്പാനിഷ് ഫുട്‌ബോള്‍ വിരുന്ന്. സ്പാനിഷ് സൂപ്പര്‍ കപ്പ് ഇന്നാരംഭിക്കും. ആദ്യ സെമിഫൈനലില്‍ മഡ്രീഡ് ടീമുകളായ റയലും അത്‌ലറ്റിക്കോയും കൊമ്പുകോര്‍ക്കും. ബാഴ്‌സലോണയും ഒസസൂനയും തമ്മിലാണ് വ്യാഴാഴ്ച രണ്ടാം സെമി. ഫൈനല്‍ ഞായറാഴ്ചയാണ്. കഴിഞ്ഞ സീസണ്‍ സ്പാനിഷ് ലീഗിലെ ആദ്യ രണ്ട് ടീമുകളും കഴിഞ്ഞ രണ്ട് കോപ ഡെല്‍റേ ചാമ്പ്യന്മാരുമാണ് സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുന്നത്. 
റയലും അത്‌ലറ്റിക്കോയും തമ്മിലുള്ള മഡ്രീഡ് ഡാര്‍ബി ഈ മാസം മൂന്നു തവണ അരങ്ങേറും. 18 ന് കോപ ഡെല്‍റേ പ്രി ക്വാര്‍ട്ടറിലാണ് ഈ ടീമുകളുടെ രണ്ടാമത്തെ മത്സരം. ഫെബ്രുവരി നാലിന് സാന്‍ഡിയേഗൊ ബെര്‍ണബാവു സ്റ്റേഡിയത്തില്‍ സ്പാനിഷ് ലീഗിലെ രണ്ടാമത്തെ മത്സരത്തില്‍ ഈ ടീമുകള്‍ ഏറ്റുമുട്ടും. 
റയല്‍ വിജയക്കുതിപ്പിലാണ്. എല്ലാ ടൂര്‍ണമെന്റിലുമായി അവസാന അഞ്ച് കളികള്‍ അവര്‍ ജയിച്ചു. കഴിഞ്ഞ 19 കളികളില്‍ അജയ്യരാണ്. സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോക്കെതിരായ ആദ്യ മത്സരത്തിലാണ് ഈ സീസണില്‍ റയലിന്റെ ഏക തോല്‍വി, 1-3 ന്. റയലിനെതിരായ വിജയത്തിനു ശേഷം ഉശിരന്‍ കുതിപ്പാണ് അത്‌ലറ്റിക്കൊ നടത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ടിലേക്ക് മുന്നേറി. സ്പാനിഷ് ലീഗില്‍ മുന്‍നിരയിലേക്കുയര്‍ന്നു. എന്നാല്‍ അവസാന അഞ്ച് കളികളില്‍ രണ്ടെണ്ണം മാത്രമാണ് അവര്‍ ജയിച്ചത്. ലീഗില്‍ റയലിന് പത്ത് പോയന്റ് പിന്നില്‍ അഞ്ചാം സ്ഥാനത്താണ്. 
2020 ല്‍ ആദ്യമായി സൗദി സൂപ്പര്‍ കപ്പിന് വേദിയൊരുക്കിയപ്പോള്‍ റയലും അത്‌ലറ്റിക്കോയുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ഷൂട്ടൗട്ടില്‍ റയല്‍ കിരീടം നേടി. 
അത്‌ലറ്റിക്കോയുടെ ടോപ്‌സ്‌കോററാവാന്‍ ഈ ടൂര്‍ണമെന്റില്‍ ആന്റോയ്ന്‍ ഗ്രീസ്മാന് അവസരമുണ്ട്. 173 ഗോളുമായി ലൂയിസ് അരഗോണിസിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഇപ്പോള്‍. 
നിരവധി പ്രമുഖ കളിക്കാരില്ലാതെയാണ് റയല്‍ എത്തിയിരിക്കുന്നത്. ഗോളി തിബൊ കോര്‍ടവ, സെന്‍ട്രല്‍ ഡിഫന്റര്‍മാരായ എഡര്‍ മിലിറ്റാവൊ, ഡേവിഡ് ആലബ എന്നിവര്‍ക്ക് പരിക്കാണ്. തുര്‍ക്കി ഇന്റര്‍നാഷനലായ ടീനേജര്‍ ആര്‍ദ ഗുലേര്‍ കഴിഞ്ഞയാഴ്ച റയലിന് വേണ്ടി അരങ്ങേറി. സൗദിയില്‍ കൂടുതല്‍ അവസരം ലഭിച്ചേക്കും. വിനിസിയൂസ് ജൂനിയറും റോഡ്രിഗോയും ജൂഡ് ബെലിംഗാമും റയലിന്റെ ആക്രമണം നയിക്കും. 
ബാഴ്‌സലോണയാണ് നിലവിലെ ചാമ്പ്യന്മാര്‍. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ അവര്‍ റയലിനെ തോല്‍പിച്ചു. ഷാവി കോച്ചായ ശേഷവും ലിയണല്‍ മെസ്സി ക്ലബ്ബ് വിട്ട ശേഷവും ആദ്യ കിരീടമായിരുന്നു അത്. ബാഴ്‌സ ഇപ്പോള്‍ നിറംകെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഞായറാഴ്ച കോപ ഡെല്‍റേയില്‍ നാലാം ഡിവിഷന്‍ ടീം ബാര്‍ബാസ്‌ട്രോയെ തോല്‍പിക്കാന്‍ പ്രയാസപ്പെട്ടു. ലീഗില്‍ മൂന്നാം സ്ഥാനത്താണ്. റയലിന് ഏഴ് പോയന്റ് പിന്നില്‍. നിലവിലെ കോപ ഫൈനലിസ്റ്റായ ഒസസൂന അവസാന 10 കളികളില്‍ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. 

Latest News