സൗദി ഡ്രൈവര്‍ യസീദ് ദാകാറില്‍ ഒന്നാം സ്ഥാനത്ത്

അല്‍ദവാദ്മി - ദാകാര്‍ റാലി മൂന്നാം സ്റ്റെയ്ജ് പിന്നിട്ടപ്പോള്‍ സൗദി ഡ്രൈവര്‍ യസീദ് അല്‍റാജി ഓവറോള്‍ ലീഡ് നേടി. മൂന്നാം സ്‌റ്റെയ്ജില്‍ ലുക്കാസ് മൊറയ്‌സാണ് ഒന്നാമതെത്തിയത്. മരുഭൂമിയില്‍ വഴി തെറ്റിയെങ്കിലും യസീദിന്റെ ടൊയോട്ട ഒരു മിനിറ്റ് ഒമ്പത് സെക്കന്റ് പിന്നില്‍ മൂന്നാമതെത്തി. ബൈക്ക് വിഭാഗത്തില്‍ കെവിന്‍ ബെനാവിദേസാണ് ഒന്നാമത്. 
രണ്ടു തവണ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ദാകാര്‍ റാലി ചാമ്പ്യനായ സാം സന്ദര്‍ലാന്റ് ഈ സീസണിലെ മത്സരങ്ങളില്‍ നിന്ന് പുറത്തായി. മൂന്നാം സ്റ്റെയ്ജിനിടെ മുപ്പത്തിനാലുകാരന്റെ ഗാസ്ഗാസ് മോട്ടോര്‍സൈക്കിള്‍ പ്രവര്‍ത്തനം നിലച്ചു. എണ്ണക്കായി മൂന്നു മണിക്കൂറോളം കാത്തുനിന്ന ശേഷം സന്ദര്‍ലാന്റ് പിന്മാറി. അല്‍ദവാദ്മിയില്‍ നിന്ന് അല്‍സലാമിയയിലേക്കുള്ള 400 കിലോമീറ്റര്‍ വരുന്ന ദുര്‍ഘടപാത 11 കിലോമീറ്റര്‍ പിന്നിട്ടിട്ടേയുണ്ടായിരുന്നുള്ളൂ. ഞായറാഴ്ച രണ്ടാം സ്റ്റെയ്ജ് കഴിഞ്ഞപ്പോള്‍ സന്ദര്‍ലാന്റ് ആറാം സ്ഥാനത്തായിരുന്നു. 2017ല്‍ ദാകാര്‍ ചാമ്പ്യനാവുന്ന ആദ്യ ബ്രിട്ടിഷുകാരനായിരുന്നു സന്ദര്‍ലാന്റ്. 2022ലും ചാമ്പ്യനായി. കഴിഞ്ഞ വര്‍ഷവും ആദ്യ സ്റ്റെയ്ജിലെ കനത്ത അപകടത്തെത്തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു. 
ഞായറാഴ്ചയിലെ രണ്ടാം സ്റ്റെയ്ജിനിടെ അപകടത്തില്‍ പെട്ട സ്പാനിഷ് മോട്ടോര്‍സൈക്ലിസ്റ്റ് കാര്‍ലെസ് ഫാല്‍ക്കണിനെ റിയാദില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. 2022 ല്‍ ദാകാറില്‍ അരങ്ങേറിയ ഫാല്‍ക്കണ്‍ ദവാദ്മിയിലെ രണ്ടാം സ്റ്റെയ്ജില്‍ ഫിനിഷ് ചെയ്യാന്‍ കിലോമീറ്ററുകള്‍ മാത്രം ബാക്കിയിരിക്കെയാണ് അപകടത്തില്‍ പെട്ടത്. പിന്നിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ ഹെലിക്കോപ്റ്റര്‍ എത്തി ദവാദ്മി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. നട്ടെല്ലിന് പരിക്ക് കണ്ടതിനെത്തുടര്‍ന്ന്. റിയാദ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി. ട്വിന്‍ട്രയല്‍ റെയ്‌സിംഗ് ടീം റൈഡറായ ഫാല്‍ക്കന്‍ ശനിയാഴ്ച ആദ്യ സ്റ്റെയ്ജ് കഴിഞ്ഞപ്പോള്‍ 76ാം സ്ഥാനത്തായിരുന്നു. 
കഴിഞ്ഞ രണ്ട് തവണ ചാമ്പ്യനായ നാസര്‍ അല്‍അതിയ്യ കാര്‍ വിഭാഗത്തില്‍ നാലാം സ്ഥാനത്തേക്കു പോയി. എഞ്ചിന്‍ തകരാറ് കാരണം രണ്ടാം സ്‌റ്റെയ്ജില്‍ 10 മിനിറ്റിലേറെ അതിയ്യക്ക് നഷ്ടപ്പെട്ടു. ദാകാറിലെ അമ്പതാം വിജയമാഘോഷിച്ച് ഓഡിയുടെ വെറ്ററന്‍ സ്‌റ്റെഫാന്‍ പീറ്റര്‍ഹാന്‍സലാണ് രണ്ടാം സ്റ്റെയ്ജില്‍ ആദ്യം ഫിനിഷ് ചെയ്തത്.
അല്‍സലാമിയയില്‍ നിന്ന് അല്‍ഹുഫൂഫിലേക്കുള്ള 631 കിലോമീറ്ററാണ് നാലാം സ്‌റ്റെയ്ജ്.
 

Latest News