ആഴ്‌സനല്‍ പുറത്ത്, ഡിബ്രൂയ്‌നെ മികവില്‍ സിറ്റി

ലണ്ടന്‍ - ഇംഗ്ലിഷ് ഫുട്‌ബോളില്‍ ആഴ്‌സനലിന് അടിപതറുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയോടെ അവര്‍ എഫ്.എ കപ്പില്‍ നിന്ന് പുറത്തായി. കെവിന്‍ ഡിബ്രൂയ്‌നെ തിരിച്ചുവന്നതോടെ നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മറ്റൊരു കുതിപ്പിന് ഒരുങ്ങുകയാണ്. 
മൂന്നാം റൗണ്ടില്‍ ലിവര്‍പൂളിനോട്് 0-2 ന് തോറ്റതോടെയാണ് ആഴ്‌സനല്‍ എഫ്.എ കപ്പില്‍ നിന്ന് പുറത്തായത്. ആവേശകരമായ പോരാട്ടത്തില്‍ എണ്‍പതാം മിനിറ്റിലെ യാഖുബ് കിവിയോറിന്റെ സെല്‍ഫ് ഗോളാണ് ആഴ്‌സനലിനെ ചതിച്ചത്. ഇഞ്ചുറി ടൈമില്‍ ലൂയിസ് ഡിയാസ് ലിവര്‍പൂളിന്റെ വിജയമുറപ്പിച്ചു. അവസാന ഏഴ് കളികളില്‍ ആഴ്‌സനലിന്റെ നാലാം തോല്‍വിയാണ് ഇത്. 
അഞ്ചു മാസത്തെ പരിക്കിനു ശേഷം കെവിന്‍ ഡിബ്രൂയ്‌നെ തിരിച്ചെത്തിയ മത്സരത്തില്‍ സിറ്റി 5-0 ന് ഹഡര്‍സ്ഫീല്‍ഡിനെ തകര്‍ത്തു. സിറ്റി 2-0 ന് മുന്നില്‍ നില്‍ക്കെ 57ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ഡിബ്രൂയ്‌നെ അവസാന ഗോളിന് വഴിയൊരുക്കി. ഫില്‍ ഫോദന്‍ രണ്ടു ഗോള്‍ നേടി.

Latest News