ദോഹ - വെള്ളിയാഴ്ച ആരംഭിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ വലിയ പ്രതീക്ഷകളോടെ ഇന്ത്യ തുടങ്ങുന്നു. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ചിലതിനും പ്രി ക്വാര്‍ട്ടര്‍ സാധ്യതയുണ്ടെന്നിരിക്കെ മൂന്നു കളികളില്‍ ഒന്നെങ്കിലും ജയിച്ചാല്‍ ഇന്ത്യക്ക് നോക്കൗട്ട് സാധ്യതയുണ്ട്. ഇന്ത്യ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു കഴിഞ്ഞെന്നും എന്നാല്‍ ഏഷ്യന്‍ ഫുട്ബോളില്‍ ആദ്യ പത്തിലെത്താന്‍ നാലു വര്‍ഷമെടുക്കുമെന്നും കോച്ച് ഇഗോര്‍ സ്റ്റിമാക് അഭിപ്രായപ്പെട്ടു.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്. അതുതന്നെ സമീപകാലത്ത് ഇന്ത്യന്‍ ഫുട്ബോളിന് വലിയ നേട്ടമാണ്. യോഗ്യതാ റൗണ്ടില്‍ ഹോങ്കോംഗിനെയും അഫ്ഗാനിസ്ഥാനെയും കംബോഡിയയെയുമാണ് തോല്പിച്ചത്.
ലോകകപ്പില്‍ ക്രോയേഷ്യക്കു കളിച്ചിട്ടുള്ള കോച്ച് സ്റ്റിമാക് നേരത്തെ ഇംഗ്ലിഷ് ഫുട്ബോളില്‍ വെസ്റ്റ്ഹാമിനും ഡാര്‍ബിക്കും കളിച്ച ഡിഫന്ററാണ്. 2019 മേയിലാണ് അദ്ദേഹം ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റത്. അതിനു ശേഷം ഇന്ത്യ റാങ്കിംഗില്‍ ആദ്യ നൂറിലെത്തിയിരുന്നു. മൂന്നു പതിറ്റാണ്ടിനിടെ രണ്ടാം തവണയാണ് അതു സംഭവിച്ചത്. ഫിഫ റാങ്കിംഗില്‍ 102ാം സ്ഥാനത്താണ് 140 കോടി ജനങ്ങളുള്ള ഇന്ത്യ. വെറും 20 ലക്ഷം ജനസംഖ്യയുള്ള കോസൊവോക്കു തൊട്ടുപിന്നില്‍.
ശനിയാഴ്ച ലോക 25ാം റാങ്കുകാരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടേണ്ടത്. ഉസ്ബെക്കിസ്ഥാനും സിറിയയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഐ.എസ്.എല്‍ നടക്കുന്നതിനാല്‍ കാര്യമായ പരിശീലനമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുക. ടൂര്‍ണമെന്റിനായി ആദ്യം ഖത്തറിലെത്തിയത് ഇന്ത്യന്‍ ടീമാണ്. എങ്കിലും പ്രമുഖ കളിക്കാരില്‍ പലര്‍ക്കും പരിക്കുണ്ട്.
അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് കളിക്കുന്നത്. 1964ല്‍ നാല് ടീമുകള്‍ പങ്കെടുത്ത ഏഷ്യന്‍ കപ്പില്‍് റണ്ണേഴ്സ്അപ്പായിരുന്നു ഇന്ത്യ. അതിനു ശേഷം ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ പ്രകടനം സമ്മിശ്രമാണ്. കുവൈത്തില്‍ കുവൈത്തിനെ തോല്പിച്ചെങ്കിലും ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് 0-3 ന് തോറ്റു. സന്നാഹ മത്സരങ്ങളില്‍ മലേഷ്യ, ഇറാഖ് ടീമുകളോടും തോറ്റത് റഫറിമാരുടെ പിഴവ് കൊണ്ടാണെന്നാണ് സ്റ്റിമാക് കുറ്റപ്പെടുത്തുന്നത്.
ഇരുപതിലേറെ യുവ കളിക്കാരെ ദേശീയ ടീമിലേക്ക് താന്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് സ്റ്റിമാക് പറയുന്നു. എങ്കിലും മുപ്പത്തൊമ്പതുകാരനായ സുനില്‍ ഛേത്രിയെ ടീം അമിതമായി ആശ്രയിക്കുന്നു. ഇന്റര്‍നാഷനല്‍ ഫുട്ബോളില്‍ 100 ഗോളിനോടടുക്കുകയാണ് ഛേത്രി. 93 ഗോളടിച്ച ഛേത്രി സ്കോറിംഗ് പട്ടികയില്‍ ലിയണല്‍ മെസ്സിക്കും (106) ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും (128) അധികം പിന്നിലല്ല.






