സൂപ്പര്‍താരങ്ങളില്ലാതെ സൂപ്പര്‍ കപ്പിന് കിക്കോഫ്

കലിംഗ - ഇന്ത്യയുടെ പ്രമുഖ കളിക്കാര്‍ ഖത്തറില്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനൊരുങ്ങുമ്പോള്‍ ഒഡിഷയിലെ കലിംഗയില്‍ നാളെ സൂപ്പര്‍ കപ്പിന് കിക്കോഫ്. മുന്‍നിര കളിക്കാരില്ലാത്തതിന് പുറമെ സംഘാടനത്തിലും അലങ്കോലമാണ് ഫെഡറേഷന്‍ കപ്പിന് പകരം ആരംഭിച്ച ഈ ടൂര്‍ണമെന്റ്. അവസാന നിമിഷം വിദേശ കളിക്കാരുടെ എണ്ണം നാലില്‍ നിന്ന് ആറായി ഉയര്‍ത്തിയത് കോച്ചുമാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഈസ്റ്റ്ബംഗാളും ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരം പതിനൊന്നാം മണിക്കൂറില്‍ കലിംഗ സ്റ്റേഡിയത്തിന്റെ ട്രയ്‌നിംഗ് പിച്ചിലേക്ക് മാറ്റി. അവസാന നിമിഷങ്ങളിലെ മാറ്റങ്ങള്‍ ഒരുക്കങ്ങളെ അവതാളത്തിലാക്കുന്നുവെന്ന് എഫ്.സി ഗോവ കോച്ച് മനോലോ മാര്‍ക്വേസ് കുറ്റപ്പെടുത്തി. 
നിരവധി പുതിയ കോച്ചുമാര്‍ ടൂര്‍ണമെന്റില്‍ അരങ്ങേറും. യുവാന്‍ ഫെരാന്‍ഡൊ സീസണ്‍ മധ്യത്തില്‍ കരാര്‍ അവസാനിപ്പിച്ചതോടെ ആന്റോണിയൊ ഹബാസ് മോഹന്‍ബഗാന്‍ കോച്ചായി തിരിച്ചെത്തും. ഈ സീസണില്‍ ബഗാന്‍ ഒരു ട്രോഫി നേടിക്കഴിഞ്ഞു -ഡ്യൂറന്റ് കപ്പ്. ബഗാനിലെ പുതിയ കാലഘട്ടവും കിരീടത്തോടെ തുടങ്ങാന്‍ ഹബാസ് ആഗ്രഹിക്കും. 
ഐ.എസ്.എല്ലില്‍ വാലറ്റത്തേക്ക് പോയതോടെ ജാംഷഡ്പൂര്‍ എഫ്.സി സ്‌കോട് കൂപ്പറെ പുറത്താക്കി ഖാലിദ് ജമീലിനെ പരിശീലകനായി നിയമിച്ചിട്ടുണ്ട്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹൈദരാബാദില്‍ നിരവധി കളിക്കാരും കോച്ചും കൂടൊഴിഞ്ഞു പോയി. 
ഐ.എസ്.എല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ഗോവയാണ് സൂപ്പര്‍ കപ്പിലും കിരീടസാധ്യതയില്‍ മുന്നില്‍. ഉദാന്ത സിംഗും ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസും സന്ദേശ് ജിംഗനും ഇന്ത്യന്‍ ക്യാമ്പിലേക്ക് പോയത് അവരെ കാര്യമായി ബാധിക്കാനിടയില്ല. അതേസമയം മോഹന്‍ബഗാന്റെ ഏഴും മുംബൈ സിറ്റിയുടെ ആറും കളിക്കാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പ്രിതം കോടാല്‍, ഇശാന്‍ പണ്ഡിറ്റ, രാഹുല്‍ കെ.പി എന്നിവരാണ് ഇന്ത്യക്കു കളിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഒഡിഷ എഫ്.സി, ബംഗളൂരു എഫ്.സി ടീമുകളും കപ്പടിക്കാന്‍ കെല്‍പുള്ള ടീമുകളാണ്. ഐ-ലീഗില്‍ നിന്ന് നാല് ടീമുകള്‍ ടൂര്‍ണമെന്റ് കളിക്കും -ഗോകുലം കേരള, ശ്രീനിധി ഡെക്കാന്‍, ഷില്ലോംഗ് ലജോംഗ്, ഇന്റര്‍ കാശി എന്നിവ. 
ബഗാനും ഈസ്റ്റ്ബംഗാളും ഗ്രൂപ്പ് എ-യിലാണ്. ഈ ടീമുകളുടെ കൊല്‍ക്കത്ത ഡാര്‍ബി കാണികള്‍ക്ക് ഹരം പകരും. ഹൈദരാബാദ് ടീമുകളായ ഹൈദരാബാദും ശ്രീനിധിയും ഈ ഗ്രൂപ്പിലാണ്. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡും ജാംഷഡ്പൂരും ഷില്ലോംഗുമടങ്ങുന്ന ഗ്രൂപ്പ് ബി-യിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഗോകുലമുള്‍പ്പെടുന്ന ഗ്രൂപ്പ് സി-യില്‍ മുംബൈ, ചെന്നൈയന്‍, പഞ്ചാബ് ടീമുകളുണ്ട്. ഗോവയും ബംഗളൂരുവും ഒഡിഷയും ഇന്റര്‍ കാശിയുമാണ് ഗ്രൂപ്പ് ഡി-യില്‍. 

Latest News