സഗാലൊ -പെലെക്ക് പോലും സാധിക്കാത്ത നേട്ടങ്ങള്‍

റിയോഡിജനീറൊ - 1958ല്‍ ബ്രസീലിന് ആദ്യമായി ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിക്കൊടുത്ത ടീമിലെ അവശേഷിച്ച അവസാനത്തെ കണ്ണി മാരിയൊ ജോര്‍ജെ ലോബോ സഗാലോയുടെ കിരീടമുദ്രകള്‍ നിറഞ്ഞ സുവര്‍ണ ജീവിതത്തിന് ഫൈനല്‍ വിസില്‍. ആ ടീമിന്റെ പ്രതീകമായിരുന്ന പെലെ 2023 പുതുവര്‍ഷത്തലേന്നാണ് മരണപ്പെട്ടത്. സഗാലോയെ പോലെ നാലു തവണ ലോകകപ്പ് നേടാന്‍ പെലെക്കു പോലും സാധിച്ചിട്ടില്ല. ലോകകപ്പ് ചരിത്രത്തില്‍ സഗാലൊ വിട്ടേച്ചുപോവുന്ന പാദമുദ്രകള്‍ ആവര്‍ത്തിക്കാന്‍ ഒരുപക്ഷെ ഇനിയൊരാള്‍ക്ക് സാധിക്കണമെന്നില്ല. 1958 മുതല്‍ 2014 വരെയുള്ള ലോകകപ്പുകളില്‍ ഏതെങ്കിലും രീതിയില്‍ ബ്രസീല്‍ ടീമുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. മുന്‍ ബ്രസീല്‍ കോച്ച് ടിറ്റെ 2018 ലും 2022 ലും ലോകകപ്പിന് പുറപ്പെടും മുമ്പ് സഗാലോയുടെ ഉപദേശം തേടിയിരുന്നു. 2014ലെ ബ്രസീല്‍ ലോകകപ്പിന്റെ അംബാസഡറായിരുന്നു അദ്ദേഹം. 1950ല്‍ ബ്രസീലില്‍ ആദ്യമായി ലോകകപ്പ് നടക്കുകയും കലാശപ്പോരാട്ടത്തില്‍ അവര്‍ ഉറുഗ്വായോട് തോല്‍ക്കുകയും ചെയ്തപ്പോള്‍ വളണ്ടിയറായിരുന്നു സഗാലൊ. 
1958ലും 1962ലും ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ പെലെക്കും ഗരിഞ്ചക്കുമൊപ്പം ടീമിലുണ്ടായിരുന്നു സഗാലൊ. സ്വീഡനിലെയും ചിലിയിലെയും ലോകകപ്പുകളില്‍ ബ്രസീലിന്റെ ആക്രമണം നയിച്ചു. 1970ല്‍ പരിശീലകനെന്ന നിലയില്‍ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ചു. കളിക്കാരനും കോച്ചുമായി ലോകകപ്പ് നേടിയ ആദ്യത്തെ വ്യക്തിയാണ്. 1994ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ കോച്ച് കാര്‍ലോസ് ആല്‍ബര്‍ടൊ പെരേരയുടെ അസിസ്റ്റന്റായിരുന്നു അദ്ദേഹം. 1998, 2006 ലോകകപ്പുകളിലും സഗാലൊ ബ്രസീലിന്റെ കോച്ചിംഗ് സ്റ്റാഫിലുണ്ടായിരുന്നു. നിരവധി ബ്രസീല്‍ ക്ലബ്ബുകളുടെ ജഴ്‌സിയണിയുകയും പരിശീലക വേഷം ധരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. 

38ാം വയസ്സില്‍ ബ്രസീല്‍ കോച്ച്
മിഡ്ഫീല്‍ഡര്‍മാര്‍ക്കും സ്‌ട്രൈക്കര്‍മാര്‍ക്കുമിടയില്‍ കളിക്കുന്ന ഫാള്‍സ് വിംഗറുടെ വേഷം ലോക ഫുട്‌ബോളില്‍ ആദ്യമായി സഗാലോയിലൂടെയാണ് പരീക്ഷിക്കപ്പെട്ടത്. ഇടതു വിംഗറായും തിളങ്ങി. 1965ല്‍ അദ്ദേഹം കളിക്കാരനെന്ന കരിയര്‍ അവസാനിപ്പിക്കുകയും അടുത്ത വര്‍ഷം റിയോഡിജനീറോ ക്ലബ്ബ് ബോടഫോഗോയില്‍ കോച്ചിംഗ് കരിയര്‍ ആരംഭിക്കുകയും ചെയ്തു. 
മെക്‌സിക്കോയിലെ 1970ലെ ലോകകപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം ദേശീയ കോച്ചായി നിയമിതനായത്. മുപ്പത്തെട്ടാം വയസ്സില്‍. വിവാദ നായകനായ കോച്ച് ജോ സാല്‍ദാനയെ മോശം ഫോമിനെത്തുടര്‍ന്ന് പുറത്താക്കിയപ്പോഴായിരുന്നു അത്. പെലെയും ജയര്‍സിഞ്ഞോയും ഗെര്‍സനും റിവെലിനോയും ടോസ്റ്റാവോയുമടങ്ങുന്ന ആ ടീം എക്കാലത്തെയും മികച്ചതായാണ് കരുതപ്പെടുന്നത്. ഇറ്റലിയെ ഫൈനലില്‍ 4-1ന് തകര്‍ത്ത ബ്രസീല്‍ മൂന്നു തവണ കിരീടം നേടിയതോടെ യൂള്‍സ്‌റിമെ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കി. 

1998ലെ വിവാദങ്ങള്‍
1974ലെ ലോകകപ്പിലും ബ്രസീല്‍ കോച്ചായിരുന്നു. പെലെ വിരമിച്ചതോടെ ആ ടീം നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 1994ല്‍ ഇറ്റലിയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ബ്രസീല്‍ ചാമ്പ്യന്മാരായപ്പോള്‍ അസിസ്റ്റന്റ് കോച്ചായി അദ്ദേഹം കിരീടമുയര്‍ത്തി. സഗാലൊ അസിസ്റ്റന്റല്ല, ടീമിന് രണ്ട് കോച്ചുമാരാണെന്ന് പെരേര പലതവണ പറഞ്ഞിരുന്നു.   
1998ലെ ലോകകപ്പില്‍ അദ്ദേഹം വീണ്ടും ബ്രസീല്‍ കോച്ചായി എത്തി. ബ്രസീല്‍ ഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനോട് 0-3ന് തോറ്റു. തലേന്ന് രാത്രി അപസ്മാരബാധയുണ്ടായ റൊണാള്‍ഡോയെ ഫൈനലില്‍ കളിപ്പിച്ചതിന് സഗാലൊ കനത്ത വിമര്‍ശനം നേരിട്ടു. ഡോക്ടര്‍മാരാണ് റൊണാള്‍ഡോക്ക് ഫിറ്റ്‌നസുണ്ടെന്ന് പ്രഖ്യാപിച്ചതെന്നും അത്തരമൊരു സാഹചര്യത്തില്‍ ലോകത്തെ മികച്ച കളിക്കാരനെ ലോകകപ്പ് ഫൈനലില്‍ നിന്ന് തടഞ്ഞുനിര്‍ത്താന്‍ താനാരാണെന്നും സഗാലൊ ചോദിച്ചു. ഫൈനലിന് മുമ്പ് ആദ്യം പുറത്തുവിട്ട ടീം ലിസ്റ്റില്‍ റൊണാള്‍ഡൊ ഇല്ലായിരുന്നു. 
പരിക്കിന്റെ പേര് പറഞ്ഞ് ആ ലോകകപ്പില്‍ റൊമാരിയോയെ മാറ്റിനിര്‍ത്തിയതിനും സഗാലൊ ഏറെ പഴി കേട്ടു. അവസാനം വരെ റൊമാരിയൊ അദ്ദേഹവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. 
2006ല്‍ വീണ്ടും പെരേരയുടെ അസിസ്റ്റന്റായി സഗാലൊ ലോകകപ്പിനെത്തി. റൊണാള്‍ഡിഞ്ഞോയും കാകയും റൊണാള്‍ഡോയും അഡ്രിയാനോയുമൊക്കെയുള്‍പ്പെട്ട ആ ബ്രസീല്‍ ടീം ആറാം തവണ ലോകകപ്പ് നേടുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായി. 
റിയോയിലെ നാല് പ്രധാന ക്ലബ്ബുകളുടെയും (ഫഌമംഗൊ, ഫഌമിനന്‍സെ, ബോടഫോഗൊ, വാസ്‌കോഡഗാമ) കോച്ചാവാന്‍ അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു. 
കളിക്കാരനായും കോച്ചായും ലോകകപ്പ് നേടാന്‍ പില്‍ക്കാലത്ത് രണ്ടു പേര്‍ക്കേ സാധിച്ചിട്ടുള്ളൂ -ജര്‍മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബവറിനും (1974, 1990) ഫ്രാന്‍സിന്റെ ദീദിയര്‍ ദെഷോമിനും (1998, 2018). 

ദേശീയ ദുഃഖാചരണം
ബ്രസീലിന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ നിര്യാണത്തില്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയൊ ലൂല ഡാസില്‍വ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക ശവസംസ്‌കാരച്ചടങ്ങ് ബ്രസീല്‍ സമയം ഞായറാഴ്ച രാത്രി (സൗദി സമയം തിങ്കളാഴ്ച പുലര്‍ച്ചെ) ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്താണ്. പിന്നീട് സാവൊ ജോ ബാറ്റിസ്റ്റ സെമിത്തേരിയില്‍ സംസ്‌കരിക്കും. റിയോഡിജനീറോയിലെ ബാരാ ഡി ഓര്‍ ആശുപത്രിയില്‍ വാര്‍ധക്യജനകമായ അസ്വസ്ഥതകളെത്തുടര്‍ന്നായിരുന്നു സഗാലോയുടെ അന്ത്യം. ക്രിസ്മസ് ആഘോഷത്തിനു ശേഷമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
2001ല്‍ ഫഌമംഗൊ കോച്ചായിരിക്കെ ശ്വാസോഛാസം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. 2005ല്‍ വയറിന് ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. 2014ലെ ബ്രസീല്‍ ലോകകപ്പിന് തൊട്ടുമുമ്പ് 12 ദിവസം ആശുപത്രിയിലായിരുന്ന അദ്ദേഹം ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുമ്പാണ് ഡിസ്ചാര്‍ജായത്. കഴിഞ്ഞ വര്‍ഷവും ദീര്‍ഘനാള്‍ അസുഖബാധിതനായി. 

തുടക്കം അമേരിക്കായില്‍
1931 ഓഗസ്റ്റ് ഒമ്പതിന് ദരിദ്രമായ വടക്കുകിഴക്കന്‍ തീരദേശത്ത് ജനിച്ച സഗാലൊ ഒരു വയസ്സാവും മുമ്പെ റിയോഡിജനീറോയിലെത്തി. പൈലറ്റാവാനായിരുന്നു മോഹം. എന്നാല്‍ മങ്ങിയ കാഴ്ച അതിന് തടസ്സമായി. ഫുട്‌ബോളറാവുന്നതിനോട് പിതാവിന് താല്‍പര്യമുണ്ടയിരുന്നില്ല.
റിയോയിലെ അമേരിക്കാ ക്ലബ്ബിലാണ് ലെഫ്റ്റ് മിഡ്ഫീല്‍ഡറായി കളി തുടങ്ങിയത്. പത്താം നമ്പറിനെ പെലെ അനശ്വരമാക്കുന്നതു വരെ അത്ര പ്രാധാന്യമില്ലാതിരുന്ന ആ നമ്പറിലാണ് സഗാലൊ കളിച്ചിരുന്നത്. പത്താം നമ്പര്‍ പൊസിഷനില്‍ നിരവധി മികച്ച കളിക്കാരുണ്ടെന്ന് മനസ്സിലാക്കി ലെഫ്റ്റ് വിംഗറായി മാറുകയായിരുന്നു. 
ഫഌമംഗൊ, ബോടഫോഗൊ ക്ലബ്ബുകള്‍ക്കും കളിച്ചു. അറുപതുകളില്‍ പെലെയുടെ സാന്റോസിനോട് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ ക്ലബ്ബുകളായിരുന്നു രണ്ടും. 1958ലെ സ്വീഡന്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് സഗാലൊ ബ്രസീല്‍ ടീമില്‍ അരങ്ങേറിയത്. ലോകകപ്പില്‍ ആറു മത്സരവും കളിച്ചു. അന്ന് പെലെക്കും ഗരിഞ്ചക്കും പതിനേഴും സഗാലോക്ക് ഇരുപത്തേഴും വയസ്സായിരുന്നു. ഫൈനലില്‍ സ്വീഡനെതിരെ ഒരു ഗോളടിക്കുകയും പെലെയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 
1955ല്‍ ആല്‍സിന ഡി കാസ്‌ട്രോയെ വിവാഹം ചെയ്തു. 2012ല്‍ ഭാര്യ മരിച്ചു. നാലു മക്കളുണ്ട്. 

Latest News