രണ്ട് പകുതിയില്‍ രണ്ട് ടീം; സൗദിക്ക് നേരിയ ജയം

ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനായി ഖത്തറിലെത്തിയ സൗദി അറേബ്യന്‍ ടീം ആദ്യ സന്നാഹ മത്സരത്തില്‍ ലെബനോനെ 1-0 ന് തോല്‍പിക്കാന്‍ പ്രയാസപ്പെട്ടു. അല്‍വഖ്‌റ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫിറാസ് അല്‍ബരീകാനാണ് ഏക ഗോളടിച്ചത്. രണ്ട് പകുതിയില്‍ രണ്ട് ടീമിനെയാണ് സൗദി കോച്ച് റോബര്‍ടൊ മാഞ്ചീനി പരീക്ഷിച്ചത്. രണ്ട് സന്നാഹ മത്സരങ്ങള്‍ കൂടി സൗദി കളിക്കും. ഒമ്പതിന് ഫലസ്തീനെയും 10ന് ഹോങ്കോംഗിനെയും നേരിടും. 
ആറ് മത്സരങ്ങള്‍ കളിച്ചാണ് സൗദി ടീം ഏഷ്യന്‍ കപ്പിനൊരുങ്ങിയത്. വെനിസ്വേല, ബൊളീവിയ, കോസ്റ്ററീക്ക, തെക്കന്‍ കൊറിയ, നൈജീരിയ, മാലി ടീമുകളെ സൗദി നേരിട്ടു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പാക്കിസ്ഥാന്‍, ജോര്‍ദാന്‍ ടീമുകളുമായും കളിച്ചു. 
12നാണ് ഏഷ്യന്‍ കപ്പ് തുടങ്ങുന്നത്. സൗദിയുടെ ആദ്യ കളി ഒമാനെതിരെ 16നാണ്. തായ്‌ലന്റും കിര്‍ഗിസ്ഥാനുമാണ് ഗ്രൂപ്പ് എഫിലെ മറ്റു ടീമുകള്‍. സൗദി മൂന്നു തവണ ചാമ്പ്യന്മാരായിട്ടുണ്ട്. 1984ലും 1988ലും 1996ലും. 1992ലും 2000ലും 2007ലും റണ്ണേഴ്‌സ്അപ്പായി. 2004ലും 2011ലും 2015ലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. അടുത്ത ഏഷ്യന്‍ കപ്പിന്റെ ആതിഥേയരെന്ന നിലയില്‍ ഇത്തവണ സൗദിക്ക് കിരീടം നേടുക അഭിമാനപ്രശ്‌നമാണ്. 
2019ല്‍ പ്രി ക്വാര്‍ട്ടറിലെത്തിയ ടീമാണ് ഒമാന്‍. ആ ടീമിലെ 10 പേര്‍ ഇത്തവണയും കളിക്കുന്നു. ലെഫ്റ്റ്ബാക്ക് അലി അല്‍ബുസൈദി 75 തവണ ഒമാന് കളിച്ചിട്ടുണ്ട്. ഹാരിബ് അല്‍സഅദിയും പരിചയസമ്പന്നനാണ്. ഒരു വര്‍ഷം മുമ്പ് ഗള്‍ഫ് കപ്പില്‍ സൗദിയെ ഒമാന്‍ അട്ടിമറിച്ചിട്ടുണ്ട്. 

Latest News