അത്‌ലറ്റിക്കോയെ വീഴ്ത്തി ജിറോണ, പുതുവീര്യത്തോടെ പുതുവര്‍ഷം

ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ പുതുവര്‍ഷത്തിലും ആവേശം നിലനിര്‍ത്തി ജിരോണ. ഏഴ് ഗോള്‍ ത്രില്ലറില്‍ അവര്‍ 4-3 ന് അത്‌ലറ്റിക്കൊ മഡ്രീഡിനെ തോല്‍പിച്ചു. റയല്‍ മയോര്‍ക്കയെ 1-0 ന് കീഴടക്കിയ റയല്‍ മഡ്രീഡാണ് ഒന്നാം സ്ഥാനത്ത്. അത്രയും പോയന്റുണ്ടെങ്കിലും ഗോള്‍വ്യത്യാസത്തില്‍ ജിരോണ രണ്ടാം സ്ഥാനത്താണ്.
ഇഞ്ചുറി ടൈമില്‍ ഇവാന്‍ മാര്‍ടിനാണ് ജിരോണയുടെ വിജയ ഗോള്‍ നേടിയത്. അത്‌ലറ്റിക്കോക്ക് വേണ്ടി ആല്‍വരൊ മൊറാറ്റയുടെ ഹാട്രിക് പാഴായി. റയലിനും ജിരോണക്കും 10 പോയന്റ് പിന്നില്‍ മൂന്നാം സ്ഥാനത്താണ് അത്‌ലറ്റിക്കൊ. 
ജിരോണയുടെ ചെറിയ മോണ്ടിലിവി സ്‌റ്റേഡിയത്തില്‍ വലേറി ഫെര്‍ണാണ്ടസും സാവിഞ്ഞോയും ഡാലി ബിന്റും ആതിഥേയര്‍ക്കു വേണ്ടി ആദ്യ പകുതിയില്‍ സ്‌കോര്‍ ചെയ്തു. മൊറാറ്റ രണ്ട് ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ മൊറാറ്റ ഹാട്രിക് ഗോളോടെ സ്‌കോര്‍ തുല്യമാക്കി. 2022 ല്‍ സ്ഥാനക്കയറ്റം നേടിയ ടീമാണ് ജിരോണ. 
റയലിനു വേണ്ടി ഡിഫന്റര്‍ ആന്റോണിയൊ റൂഡിഗറാണ് സ്‌കോര്‍ ചെയ്തത്. ലൂക്ക മോദ്‌റിച്ചിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോള്‍. തുടര്‍ച്ചയായ പതിനെട്ടാമത്തെ മത്സരത്തിലാണ് റയല്‍ അപരാജിതരായി മുന്നേറുന്നത്.
 

Latest News