ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ ദിനം, കേപ്ടൗണില്‍ വീണത് 23 വിക്കറ്റ്

കേപ്ടൗണ്‍ - ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ചരിത്രമായി. 23 വിക്കറ്റുകള്‍ നിലംപതിച്ചു. മുഹമ്മദ് സിറാജ് 15 റണ്‍സിന് ആറു വിക്കറ്റെടുത്തതോടെ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 55ന് ഓളൗട്ടാക്കി. മറുപടിയായി ഇന്ത്യ നാലിന് 153ലെത്തി. എന്നാല്‍ ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ 11 പന്തിനിടെ ആറ് വിക്കറ്റ് നഷ്ടമായി. ഇത് ടെസ്റ്റ് ചരിത്രത്തിലാദ്യമാണ്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആറ് ഡക്കും റെക്കോര്‍ഡിനൊപ്പമെത്തുന്ന നാണക്കേടാണ്. രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സിലെത്തി. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ 36 റണ്‍സ് കൂടി നേടണം. തന്റെ അവസാന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ഡീന്‍ എല്‍ഗര്‍ ഒരേ ദിനം രണ്ടു തവണ പുറത്തായി. ടോണി ഡിസോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരും ഒരു ദിവസം രണ്ടു തവണ ഔട്ടായി. സംഭവബഹുലമായ ദിവസം അവസാനിക്കുമ്പോള്‍ അയ്ദന്‍ മാര്‍ക്‌റമും (36 നോട്ടൗട്ട്) ഡേവിഡ് ബെഡിംഗാമുമാണ് (7 നോട്ടൗട്ട്) ക്രീസില്‍.
146 വര്‍ഷവും 2500ലേറെ മത്സരങ്ങളും നീളുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതിനെക്കാള്‍ വിക്കറ്റുകള്‍ നിലംപതിച്ച നാല് ദിനങ്ങളേ ഉണ്ടായിട്ടു്ള്ളൂ. 2018ല്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റിന്റെ രണ്ടാം ദിനം 24 വിക്കറ്റ് നിലംപൊത്തിയിരുന്നു. 1888ല്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ടെസ്റ്റിന്റെ ആദ്യ ദിനം 27 വിക്കറ്റ് വീണതാണ് റെക്കോര്‍ഡ്. 

സിറാജ് സൂപ്പര്‍ ഷോ
ആദ്യ സെഷനില്‍ സിറാജായിരുന്നു താരം. ഇന്ത്യന്‍ പെയ്‌സര്‍മാരുടെയും ക്ലോസ് ഫീല്‍ഡര്‍മാരുടെയും തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. 23.2 ഓവറില്‍ 55 റണ്‍സിന് അവര്‍ ഓളൗട്ടായി. സിറാജ് ഒമ്പതോവറില്‍ 15 റണ്‍സിന് ആറ് വിക്കറ്റ് സ്വന്തമാക്കി (9-3-15-6). ജസ്പീത് ബുംറയും (8-1-25-2) മുകേഷ് കുമാറും (4-1-10-2) രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കയ്ല്‍ വരെയ്‌നെയാണ് (15) ടോപ്‌സ്‌കോറര്‍. വരയ്‌നെയും ബെഡിംഗാമും (12) തമ്മിലുള്ള 19 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്. മറ്റാരും അഞ്ചിലേറെ സ്‌കോര്‍ ചെയ്തില്ല. യശസ്വി ജയ്‌സ്വാള്‍ സ്ലിപ്പില്‍ മൂന്ന് ക്യാച്ചെടുത്തു. ലഞ്ചിന് ഏറെ മുമ്പെ ദക്ഷിണാഫ്രിക്ക പവിലിയനിലേക്ക് മടങ്ങി. 1932 ല്‍ ഓസ്‌ട്രേലിയക്കെതിരെ 45 ന് പുറത്തായതാണ് ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ ചെറിയ സ്‌കോര്‍. 
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയരുടെ ഓപണര്‍മാര്‍ എട്ട് റണ്‍സെടുക്കുമ്പോഴേക്കും തിരിച്ചുകയറി. 15 റണ്‍സാവുമ്പോഴേക്കും നാലു വിക്കറ്റും 34 റണ്‍സാവുമ്പോഴേക്കും അഞ്ചാമത്തെ വിക്കറ്റും നഷ്ടപ്പെട്ടു. ആദ്യ അഞ്ച് വിക്കറ്റില്‍ നാലും സിറാജിനായിരുന്നു. മാര്‍ക്‌റമാണ് (2) ആദ്യം മടങ്ങിയത്. സ്ലിപ്പില്‍ ജയ്‌സ്വാള്‍ പിടിച്ചു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മാംസത്തിലെ മുള്ളായി നിന്ന എല്‍ഗറെ (4) സിറാജ് ബൗള്‍ഡാക്കി. ഡിസോര്‍സിയെ (2) വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുല്‍ പിടിച്ചു. എട്ടാം ഓവറില്‍ ഡേവിഡ് ബെഡിംഗാമിനെയും (12) മാര്‍ക്കൊ യാന്‍സനെയും (0) സിറാജ് പുറത്താക്കി. ബെഡിംഗാം സ്ലിപ് ക്യാച്ചില്‍ പുറത്തായപ്പോള്‍ യാന്‍സന്‍ കീപ്പര്‍ക്ക് പിടികൊടുത്തു. ബുംറയുടെ പന്ത് സ്റ്റബ്‌സിന്റെ (3) ബാറ്റിലും പാഡിലും തട്ടിയുയര്‍ന്ന് ഫോര്‍വേഡ് ഷോര്‍ട്‌ലെഗില്‍ രോഹിതിന്റെ കൈയില്‍ വിശ്രമിച്ചു. 55 ന് ദക്ഷിണാഫ്രിക്കയുടെ കഥ കഴിഞ്ഞു. 

9.4 ഓവറില്‍ ഇന്ത്യക്ക് ലീഡ്
മറുപടിയാരംഭിച്ച ഇന്ത്യക്ക് ജയ്‌സ്വാളിനെ റണ്ണെടുക്കും മുമ്പെ നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തിരിച്ചടിച്ചു. 9.4 ഓവറില്‍ ഇന്ത്യ ലീഡ് നേടി. ജയ്‌സ്വാളിനെ റണ്ണെടുക്കും മുമ്പെ കഗീസൊ റബാദയാണ് പുറത്താക്കിയത്. ഏഴ് തവണ പന്ത് അതിര്‍ത്തി കടത്തിയ രോഹിത് ശര്‍മയും (39) ഗില്ലും (36) പ്രത്യാക്രമണം നടത്തി. ഇരുവരെയും നാന്ദ്രെ ബര്‍ഗറാണ് പുറത്താക്കിയത്. ശ്രേയസ് അയ്യരെയും (0) അക്കൗണ്ട് തുറക്കാന്‍ ബര്‍ഗര്‍ അനുവദിച്ചില്ല. 
വിരാട് കോലി (46) ചെറുത്തുനിന്നതോടെ ഇന്ത്യ വന്‍ ലീഡ് നേടുമെന്ന പ്രതീക്ഷയുയര്‍ന്നു. 
33ാം ഓവറില്‍ സ്‌കോര്‍ നാലിന് 153 ലെത്തി. ഇന്ത്യക്ക് ആറ് വിക്കറ്റ് ശേഷിക്കെ 98 റണ്‍സ് ലീഡ്. എന്നാല്‍ ലുന്‍ഗി എന്‍ഗീഡി ഒരോവറില്‍ മൂന്ന് വിക്കറ്റെടുത്തതോടെ കളി തിരിഞ്ഞു. കോലിയെ മറുവശത്ത് സാക്ഷിയാക്കി രാഹുല്‍ (8), രവീന്ദ്ര ജദേജ (0) ജസ്പ്രീത് ബുംറ (0) എന്നിവരെ എന്‍ഗീഡി പുറത്താക്കി. അടുത്ത ഓവറില്‍ കോലിയെ റബാദയും മടക്കി. തുടര്‍ച്ചയായ പന്തുകളില്‍ മുഹമ്മദ് സിറാജ് (0) പ്രസിദ്ധ് കൃഷ്ണ (0) എന്നിവരും വീണു. സിറാജ് റണ്ണൗട്ടായപ്പോള്‍ പ്രസിദ്ധിനെ സ്ലിപ്പില്‍ ഡൈവിംഗ് ക്യാച്ചിലൂടെ മാര്‍ക്‌റം പിടിച്ചു. ആറ് വിക്കറ്റ് കൂട്ടത്തോടെ നിലംപൊത്തി. എന്‍ഗീഡിക്കു പുറമെ റബാദ, ബര്‍ഗര്‍ എന്നിവര്‍ക്കും മൂന്ന് വീതം വിക്കറ്റ് കിട്ടി. 

വീണ്ടും ദക്ഷിണാഫ്രിക്ക
ഇരുപതിലേറെ ഓവര്‍ ശേഷിക്കെ ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റിംഗിനിറങ്ങി. ഇത്തവണ ഓപണര്‍മാര്‍ കൂടുതല്‍ ജാഗ്രത കാട്ടി. 37 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓപണര്‍മാര്‍. എല്‍ഗറിന്റെ (12) ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച് മുകേഷ്‌കുമാറാണ് ഇന്ത്യക്ക് ബ്രെയ്ക് ത്രൂ നല്‍കിയത്. അടുത്ത ഓവറില്‍ ഡിസോര്‍സിയെയും (1) മുകേഷ് പുറത്താക്കി. സ്റ്റബ്‌സ് (1) രണ്ടാം തവണ ബുംറക്ക് വിക്കറ്റ് സമ്മാനിച്ചു. 
ശാര്‍ദുല്‍ താക്കൂറിനെ ഒഴിവാക്കി മുകേഷ്‌കുമാറിനെ കൊണ്ടുവന്ന ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെ നിലനിര്‍ത്തി. സുഖം പ്രാപിച്ച രവീന്ദ്ര ജദേജക്കു വേണ്ടി ആര്‍. അശ്വിന്‍ ഒഴിഞ്ഞു കൊടുത്തു. 

Latest News