മഡ്രീഡ് - ബ്രസീലിന്റെ കോച്ചാവാനുള്ള ചര്‍ച്ച നടന്നിരുന്നുവെന്ന് ആദ്യമായി സമ്മതിച്ച് റയല്‍ മഡ്രീഡ് കോച്ച് കാര്‍ലൊ ആഞ്ചലോട്ടി. ബ്രസീലിന്റെ സ്നേഹത്തിനും താല്പര്യത്തിനും നന്ദി പ്രകടിപ്പിച്ച അറുപത്തിനാലുകാരന് കോച്ചിംഗ് കരിയര്‍ റയലില്‍ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കി.
ഈ വര്‍ഷത്തോടെ റയല്‍ മഡ്രീഡുമായുള്ള കരാര്‍ അവസാനിച്ച ശേഷം കാര്‍ലൊ ആഞ്ചലോട്ടി ദേശീയ കോച്ചാവുമെന്ന ബ്രസീലിന്റെ സ്വപ്നമാണ് തകര്‍ന്നത്. അറുപത്തിനാലുകാരനുമായുള്ള കരാര്‍ 2026 വരെ റയല്‍ നീട്ടി. ഇറ്റലിക്കാരനായ ആഞ്ചലോട്ടി ചുമതലയേല്‍ക്കുമെന്ന പ്രതീക്ഷയില്‍ ഫഌമിനന്‍സെയുടെ ഫെര്‍ണാണ്ടൊ ഡിനിസിനെ താല്‍ക്കാലിക കോച്ചായി നിയമിച്ചിരുന്നു. 60 വര്‍ഷത്തിനു ശേഷം ഒരു വിദേശ കോച്ച് ബ്രസീലിനെ പരിശീലിപ്പിക്കുമെന്ന വാര്‍ത്ത ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഡിനിസ് ഫഌമിനന്‍സെയുടെ ചുമതയും വഹിക്കുന്നുണ്ട്. ഫഌമിനന്‍സെയെ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരാക്കുകയും ക്ലബ്ബ് ലോകകപ്പില്‍ ഫൈനലിലെത്തിക്കുകയും ചെയ്തെങ്കിലും ബ്രസീല്‍ കോച്ചെന്ന നിലയില്‍ ഡിനിസ് പരാജയമാണ്. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ ആറാം സ്ഥാനത്താണ്.
ഈയിടെ പുറത്താക്കപ്പെട്ട ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്നാള്‍ഡൊ മാസങ്ങളോളം ആഞ്ചലോട്ടിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഡിനിസിനെ താല്‍ക്കാലിക കോച്ചായി നിയമിച്ചത്. എന്നാല്‍ താന്‍ അടുത്ത വര്‍ഷം ബ്രസീല്‍ കോച്ചാവുമെന്ന വാര്‍ത്ത ആഞ്ചലോട്ടി ഒരിക്കല്‍പോലും സ്ഥിരീകരിച്ചിരുന്നില്ല. റയലിലെ പദവി തന്റെ അവസാനത്തേതായിരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.
ആഞ്ചലോട്ടിയുടെ റെക്കോര്‍ഡുകള്‍ മാത്രമല്ല, അദ്ദേഹം മാന്യനാണ് എന്നതു കൂടി പരിഗണിച്ചാണ് കോച്ചായി നിയമിക്കുന്നതെന്ന് എഡ്നാള്‍ഡൊ പറഞ്ഞിരുന്നു.






