പ്രസിദ്ധിന് ക്യാപ്റ്റന്റെ പിന്തുണ, കൈവിടില്ലെന്ന് സൂചന

കേപ്ടൗണ്‍ - ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറിയ പ്രസിദ്ധ് കൃഷ്ണയെ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്തിയേക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സൂചന. പയ്യന്‍ ടെസ്റ്റിന് റെഡിയായിട്ടില്ലെന്ന് സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെ മുന്‍കാല കളിക്കാര്‍ തുറന്നടിച്ചിരുന്നു. 
പരിചയസമ്പത്തില്ലാത്ത കളിക്കാരാവുമ്പോള്‍ അവര്‍ക്ക് അവസരം നല്‍കുകയും പിന്തുണയുറപ്പാക്കുകയും ചെയ്യണമെന്ന് രോഹിത് പറഞ്ഞു. ഞങ്ങളെല്ലാവരും ആദ്യ കളിയില്‍ പിരിമുറുക്കമനുഭവിച്ചവരാണ്. ഈ തലത്തില്‍ തിളങ്ങാനുള്ള കഴിവ് പ്രസിദ്ധിനുണ്ട്. വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത് -രോഹിത് പറഞ്ഞു. 
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ബുധനാഴ്ച കേപ്ടൗണിലെ ന്യൂലാന്റ്‌സ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ന്യൂലാന്റ്‌സില്‍ ആറ് ടെസ്റ്റ് കളിച്ചിട്ടും ഇതുവരെ ഇന്ത്യക്ക് ജയിക്കാനായിട്ടില്ല. ഇതുവരെ പരമ്പര നേടിയിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയില്‍ അവസാന തീരം താണ്ടണമെന്ന ലക്ഷ്യത്തോടെ എത്തിയ ഇന്ത്യക്ക് സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബൗളിംഗിലാണ് ഇന്ത്യക്ക് പൂര്‍ണമായും പിഴച്ചത്. ശാര്‍ദുല്‍ താക്കൂറിനും അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണക്കും കനത്ത ശിക്ഷ കിട്ടി. പെയ്‌സ്ബൗളിംഗിനെ നന്നായി തുണച്ച പിച്ചില്‍ 39 ഓവറില്‍ രണ്ട് വിക്കറ്റെടുക്കാന്‍ അവര്‍ 194 റണ്‍സ് വഴങ്ങി.
 

Latest News