ഹാഫ് ടൈമില്‍ ബൂട്ട് മാറ്റി, ഇരട്ട ഗോളോടെ സലാഹ് തുടങ്ങി

ലിവര്‍പൂള്‍ - മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോളോടെ ന്യൂകാസിലിനെ 4-2 ന് തോല്‍പിച്ച് ലിവര്‍പൂള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനം കൂടുതല്‍ ഭദ്രമാക്കി. ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍ട്ടി തുലച്ച സലാഹ് ഇടവേളയില്‍ ബൂട്ട് മാറ്റിയാണ് കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നത്. 49ാം മിനിറ്റിലും 86ാം മിനിറ്റില്‍ പെനാല്‍ട്ടിയില്‍ നിന്നും സലാഹ് ഗോളടിച്ചു. ആറു ഗോളും രണ്ടാം പകുതിയിലായിരുന്നു. ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ഈജിപ്ത് ക്യാമ്പില്‍ ചേരുന്നതിന് മുമ്പ് സലാഹിന്റെ അവസാന മത്സരമായിരുന്നു ഇത്. 
ആസ്റ്റണ്‍വില്ലയെക്കാള്‍ മൂന്ന് പോയന്റും മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ അഞ്ച് പോയന്റും മുന്നിലാണ് ലിവര്‍പൂള്‍. 22ാം മിനിറ്റില്‍ സലാഹ് എടുത്ത പെനാല്‍ട്ടി ന്യൂകാസില്‍ ഗോളി മാര്‍ടിന്‍ ദുബ്രാവ്ക തട്ടിത്തെറിപ്പിച്ചു. എന്നാല്‍ ഇടവേള കഴിഞ്ഞയുടനെ സലാഹ് ലിവര്‍പൂളിനു വേണ്ടിയുള്ള 150ാം പ്രീമിയര്‍ ലീഗ് ഗോളിലൂടെ ടീമിന് ലീഡ് സമ്മാനിച്ചു. പിന്നീട് കേടിസ് ജോണ്‍സിന്റെയും കോഡി ഗാക്‌പോയുടെയും ഗോളുകള്‍ക്ക് വഴിയൊരുക്കിയത് സലാഹായിരുന്നു. ടീമിന് കിട്ടിയ രണ്ടാം പെനാല്‍ട്ടി സലാഹ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. സലാഹിന്റെ പെനാല്‍ട്ടിയുള്‍പ്പെടെ 10 സെയ്‌വുകളാണ് ദുബ്രാവ്ക നടത്തിയത്. എട്ടു കളികളില്‍ ന്യൂകാസിലിന്റെ ഏഴാം തോല്‍വിയാണ് ഇത്. 
അന്ധവിശ്വാസമല്ല, തനിക്ക് ശരിയാവുന്നില്ലെന്ന് തോന്നിയതിനാലാണ് ബൂട്ട് മാറ്റിയതെന്ന് സലാഹ് പറഞ്ഞു. അല്ലെങ്കില്‍ അത് മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. ബൂട്ട് മാറ്റിയതോടെ മനസ്സ് ശാന്തമായി. കളിയില്‍ ശ്രദ്ധയൂന്നാന്‍ കഴിഞ്ഞു -സലാഹ് പറഞ്ഞു. ഗോളടിക്കാതെ ആഫ്രിക്കന്‍ ചാമ്പ്യന്‍ഷിപ്പിനായി പോകുന്നതും ചിന്തിക്കാനാവാത്തതായിരുന്നു -സലാഹ് പറഞ്ഞു. 
സലാഹ് ഇല്ലാതെ അടുത്ത നാല് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ലിവര്‍പൂള്‍ കളിക്കേണ്ടി വരും. അതില്‍ ആഴ്‌സനലിനെതിരായ കളിയുമുണ്ട്. 

Latest News