ഏഷ്യന്‍ കപ്പ്: പരിക്കുള്ള മിതോമ ജപ്പാന്‍ ടീമില്‍

ടോക്കിയൊ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ നിരാശ തീര്‍ക്കാന്‍ ജപ്പാന്‍ ഒരുങ്ങുന്നു. വിദേശ ലീഗുകളില്‍ കളിക്കുന്ന നിരവധി താരങ്ങള്‍ ഉള്‍പ്പെട്ട ഇരുപത്താറംഗ ടീമിനെ കോച്ച് ഹാജിമെ മോറിയാസു പ്രഖ്യാപിച്ചു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റന് കളിക്കുന്ന വിംഗര്‍ കവോറു മിതോമയെ ഉള്‍പെടുത്തിയതാണ് ഏറെ അമ്പരപ്പിച്ചത്. ഡിസംബര്‍ 21ന് പരിക്കേറ്റ മിതോമക്ക് ആറാഴ്ചയെങ്കിലും വിട്ടുനില്‍ക്കേണ്ടി വരുമെന്ന് ബ്രൈറ്റന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2019 ല്‍ യു.എ.ഇയില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ഖത്തറിനോട് 1-3 ന് ജപ്പാന്‍ ഫൈനല്‍ തോല്‍ക്കുകയായിരുന്നു. 
ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ വതാരു എന്‍ഡൊ, ആഴ്‌സനല്‍ ഡിഫന്റര്‍ തകേഹിറൊ തോമിയാസു, റയല്‍ സൊസീദാദ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ തകെഫുസ കൂബൊ, സെല്‍റ്റിക്കിന്റെ ദായ്‌സന്‍ മായിദ, റിയൊ ഹതാതെ എന്നിവര്‍ ടീമിലുണ്ട്. സെല്‍റ്റിക്കിന്റെ കയോഗൊ ഫുറുഹാഷി, ലാസിയോയുടെ ദായ്ചി കമാദ, മിഡ്ഫീല്‍ഡര്‍ ആവൊ തനാക എന്നിവരെ ഒഴിവാക്കി. 2022 ലെ ലോകകപ്പില്‍ ജര്‍മനിയെയുള്‍പ്പെടെ തോല്‍പിച്ച് പ്രി ക്വാര്‍ട്ടറിലെത്തിയ ടീമിലെ 14 പേരെയേ നിലനിര്‍ത്തിയിട്ടുള്ളൂ. 
സന്നാഹ മത്സരത്തില്‍ ജപ്പാന്‍ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തായ്‌ലന്റിനെ തുരത്തി. വിദേശ കളിക്കാരെ മാറ്റി നിര്‍ത്തിയാണ് കോച്ച് ഹാജിമെ മോറിയാസു ജപ്പാന്റെ പ്ലേയിംഗ് ഇലവനെ നിശ്ചയിച്ചത്. തായ്‌ലന്റും ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 12ന് ഖത്തറില്‍ ഏഷ്യന്‍ കപ്പ് തുടങ്ങും. ജപ്പാന്‍ നാലു തവണ ഏഷ്യന്‍ ചാമ്പ്യന്മാരായിട്ടുണ്ട്. 
ആദ്യ പകുതിയില്‍ പിടിച്ചു നിന്ന തായ്‌ലന്റിന് രണ്ടാം പകുതിയിലാണ് അടിതെറ്റിയത്.  ആവൊ തനാക്ക അമ്പതാം മിനിറ്റില്‍ ഗോളടിമേളത്തിന് തുടക്കമിട്ടു. കെയ്‌തൊ നകാമുറ, തകൂമു കവാമുറ, തകൂമി മിനാമിനൊ എന്നിവരും ഒരു സെല്‍ഫ് ഗോളും പുതുവര്‍ഷ ദിനത്തില്‍ അറുപതിനായിരത്തിലേറെ വരുന്ന കാണികള്‍ക്ക് ഹരം പകര്‍ന്നു. 
ഗ്രൂപ്പ് ഡി-യില്‍ ഇന്തോനേഷ്യ, ഇറാഖ്, വിയറ്റ്‌നാം ടീമുകളെ ജപ്പാന്‍ നേരിടും. സൗദി അറേബ്യയുള്‍പ്പെടുന്ന ഗ്രൂപ്പ് എഫിലാണ് തായ്‌ലന്റ്. കിര്‍ഗിസ്ഥാനും ഒമാനുമാണ് മറ്റു ടീമുകള്‍.
 

Latest News