ഏഷ്യന്‍ കപ്പ്: തായ്‌ലന്റിനെ തകര്‍ത്ത് ജപ്പാന്‍ ഒരുങ്ങി

ടോക്കിയൊ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നടന്ന സന്നാഹ മത്സരത്തില്‍ ജപ്പാന്‍ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തായ്‌ലന്റിനെ തുരത്തി. വിദേശ കളിക്കാരെ മാറ്റി നിര്‍ത്തിയാണ് കോച്ച് ഹാജിമെ മോറിയാസു ജപ്പാന്റെ പ്ലേയിംഗ് ഇലവനെ നിശ്ചയിച്ചത്. തായ്‌ലന്റും ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 12ന് ഖത്തറില്‍ ഏഷ്യന്‍ കപ്പ് തുടങ്ങും. ജപ്പാന്‍ നാലു തവണ ഏഷ്യന്‍ ചാമ്പ്യന്മാരായിട്ടുണ്ട്. 
ആദ്യ പകുതിയില്‍ പിടിച്ചു നിന്ന തായ്‌ലന്റിന് രണ്ടാം പകുതിയിലാണ് അടിതെറ്റിയത്.  ആവൊ തനാക്ക അമ്പതാം മിനിറ്റില്‍ ഗോളടിമേളത്തിന് തുടക്കമിട്ടു. കെയ്‌തൊ നകാമുറ, തകൂമു കവാമുറ, തകൂമി മിനാമിനൊ എന്നിവരും ഒരു സെല്‍ഫ് ഗോളും പുതുവര്‍ഷ ദിനത്തില്‍ അറുപതിനായിരത്തിലേറെ വരുന്ന കാണികള്‍ക്ക് ഹരം പകര്‍ന്നു. 
പരിക്കേറ്റ ബ്രൈറ്റന്‍ വിംഗര്‍ കവോറു മിറ്റോമ ജപ്പാന്റെ അവസാന സംഘത്തില്‍ ഉള്‍പെടുല്ലെന്നാണ് സൂചന. ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ വതാരു എന്‍ഡൊ, ആഴ്‌സനല്‍ ഡിഫന്റര്‍ തകേഹിറൊ തോമിയാസു, റയല്‍ സൊസീദാദ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ തകെഫുസ കൂബൊ എന്നിവര്‍ ടീമിലുണ്ടാവും. ഗ്രൂപ്പ് ഡി-യില്‍ ഇന്തോനേഷഅയ, ഇറാഖ്, വിയറ്റ്‌നാം ടീമുകളെ ജപ്പാന്‍ നേരിടും. സൗദി അറേബ്യയുള്‍പ്പെടുന്ന ഗ്രൂപ്പ് എഫിലാണ് തായ്‌ലന്റ്. കിര്‍ഗിസ്ഥാനും ഒമാനുമാണ് മറ്റു ടീമുകള്‍. 
 

Latest News