ദോഹ - ഏഷ്യന്‍ കപ്പ് ഫുട്ബോളിനുള്ള സൗദിഅറേബ്യയുടെ മുപ്പതംഗ പ്രാഥമിക ടീമിനെ കോച്ച് റോബര്‍ടൊ മാഞ്ചീനി പ്രഖ്യാപിച്ചു. പിന്നാലെ ടീം ഖത്തറിലേക്ക് തിരിച്ചു. ടൂര്‍ണമെന്റിന് മുന്നോടിയായ സൗദി ടീം മൂന്ന് വാംഅപ് മത്സരങ്ങള്‍ കളിക്കും. വ്യാഴാഴ്ച ലെബനോനുമായും ഒമ്പതിന് ഫലസ്തീനുമയും 10ന് ഹോങ്കോംഗുമായും. ടൂര്‍ണമെന്റ് തുടങ്ങുന്നതു വരെ ദോഹയിലെ സീലൈന്‍ റിസോടിലാണ് ടീം താമസിക്കുക. ടൂര്‍ണമെന്റിനായി ആദ്യം ദോഹയിലെത്തിയത് ഇന്ത്യന്‍ ടീമാണ്. ശനിയാഴ്ച.
ഇന്ത്യന്‍ കളിക്കാരെയും നൂറുകണക്കിന് ആരാധകര്‍ സ്വീകരിച്ചു. 11ന് നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തറും ലെബനോനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഓസ്ട്രേലിയയും ഉസ്ബെക്കിസ്ഥാനും സിറിയയുമുള്‍പ്പെടുന്ന ഗ്രൂപ്പ് ബി-യിലാണ് ഇന്ത്യ. 13ന് ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 16ന് ഒമാനുമായി സൗദി അറേബ്യ പോരാട്ടം തുടങ്ങും. ഓസ്ട്രേലിയയെ പോലെ മുഖവുര ആവശ്യമില്ലാത്ത ടീമുകള്‍ ഗ്രൂപ്പിലുണ്ടെന്നും എന്നാല്‍ ആരെയും ഭയക്കരുത് എന്നാണ് പഠിച്ച പാഠമെന്നും ഡിഫന്റര്‍ സന്ദേശ് ജിംഗന് പറഞ്ഞു.
1964ല്‍ റണ്ണര്‍അപ്പായ ഇന്ത്യന്‍ ടീം അതിനു ശേഷം ഗ്രൂപ്പ് ഘട്ടം തരണം ചെയ്തിട്ടില്ല. അഞ്ചാം തവണയാണ് ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്നത്. 2023 ല്‍ ഇന്ത്യ മൂന്ന് കിരീടം നേടിയിരുന്നു -ത്രിരാഷ്ട്ര കപ്പും ഇന്റര്‍കോണ്ടിനന്റല്‍ കപ്പും സാഫ് കപ്പും. തായ്ലന്റിലെ കിംഗ്സ് കപ്പിലും മലേഷ്യയിലെ മെര്‍ദേക്ക ടൂര്‍ണമെന്റിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ എവേ മത്സരത്തില്‍ കുവൈത്തിനെ തോല്പിച്ചു.






