ജാംഷഡ്പൂര്‍ - ഐ.എസ്.എല്ലിന്റെ ഈ സീസണിലെ 12 കളികളില്‍ ഏഴും തോറ്റ ജാംഷഡ്പൂര്‍ എഫ്.സി കോച്ചിനെ മാറ്റി. സ്കോട് കൂപ്പറുടെ തൊപ്പി തെറിച്ചു. താല്‍ക്കാലിക കോച്ചെന്ന നിലയില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ സെമിഫൈനലിലെത്തിച്ച ചരിത്രമുള്ള ഖാലിദ് ജമീലാണ് ഉരുക്കുനഗരത്തിന്റെ പ്രതിനിധികളായ ജാംഷഡ്പൂര്‍ എഫ്.സിയെ ഇനി പരിശീലിപ്പിക്കുക. ഈ മാസം ഒഡിഷയില്‍ നടക്കുന്ന കലിംഗ കപ്പിലാണ് ഖാലിദ് ജമീല്‍ ചുമതലയേല്‍ക്കുക.
ഐ.എസ്.എല്ലിലെ 12 ടീമുകളില്‍ പത്താം സ്ഥാനത്താണ് ജാംഷഡ്പൂര്‍. കലിംഗ സൂപ്പര്‍ കപ്പില്‍ ഈ മാസം 10ന് നോര്‍ത്ഈസ്റ്റ് യുനൈറ്റഡുമായാണ് ജാംഷഡ്പൂരിന്റെ ആദ്യ മത്സരം. ഐ.എസ്.എല്ലില്‍ സ്ഥിരം കോച്ചായി നിയമിക്കപ്പെടുകയും ഏതെങ്കിലും ടീമിനെ പ്ലേഓഫിലെത്തിക്കുകയും ചെയ്ത ആദ്യ ഇന്ത്യക്കാരനാണ് ഖാലിദ്. 2016-17ല്‍ അപ്രതീക്ഷിതമായി ഐസ്വാളിനെ കിരീടത്തിലേക്ക് നയിച്ചതോടെ ഐ-ലീഗിലെ മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020-21ലെ ഫുട്ബോള്‍ അവാര്‍ഡ് നിശയില്‍ മികച്ച കോച്ച് ഓഫ് ദ ഇയര്‍ ബഹുമതി നേടി.






