സൂപ്പര്‍കപ്പ്: സൗദിക്ക് നന്ദി  പറഞ്ഞ് ക്ലബ്ബുകളും തുര്‍ക്കിയും

റിയാദ് - റിയാദില്‍ വെള്ളിയാഴ്ച രാത്രി നടക്കാനിരിക്കാനിരുന്ന ടര്‍ക്കിഷ് സൂപ്പര്‍കപ്പ് ഫുട്‌ബോള്‍ മത്സരം അവസാന നിമിഷം നീട്ടിവെക്കപ്പെടാന്‍ കാരണം സംഘാടനത്തിലെ പ്രശ്‌നങ്ങളാണെന്ന് ക്ലബ്ബുകളും തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷനും. ഇസ്താംബൂളിലെ പ്രമുഖ ക്ലബ്ബുകളുടെ പോരാട്ടം സംഘടിപ്പിക്കാന്‍ സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ സംയുക്ത പ്രസ്താവനയില്‍ പ്രശംസിച്ചു. തുര്‍ക്കി ക്ലബ്ബുകളും മാച്ച് ഒഫിഷ്യലുകളും തമ്മിലുള്ള തര്‍ക്കം പര്‍വതീകരിച്ച് രാഷ്ട്രീയവിഷയമാക്കുന്ന പ്രതിപക്ഷ കക്ഷികളെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും രൂക്ഷമായി വിമര്‍ശിച്ചു. 
തുര്‍ക്കി ക്ലബ്ബുകളായ ഗലതസറായിയും ഫെനര്‍ബാച്ചെയും കളിക്കളത്തിലിറങ്ങാതെ മടങ്ങുകയായിരുന്നു. തുര്‍ക്കി സ്ഥാപകന്‍ മുസ്തഫ കമാല്‍ പാഷയുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ സന്ദേശങ്ങളുടെ ബാനറുകളും പ്രദര്‍ശിപ്പിക്കാന്‍ കളിക്കാരെ ഒഫിഷ്യലുകള്‍ അനുവദിക്കാതിരുന്നതാണ് പ്രശ്‌നം. ടര്‍ക്കിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ അംഗീകരിച്ച കരാര്‍ പാലിക്കാന്‍ ക്ലബ്ബുകള്‍ തയാറായില്ലെന്ന് മത്സരത്തിന്റെ സംഘാടകരായ റിയാദ് സീസണ്‍ കമ്മിറ്റി പ്രസ്താവിച്ചു. കളിക്കളത്തില്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫിഫ അനുവദിക്കാറില്ല. തുര്‍ക്കിയുടെ ദേശീയ ഗാനം ആലപിക്കാനും ദേശീയ പതാക പ്രദര്‍ശിപ്പിക്കാനും അനുവദിച്ചില്ലെന്ന ആരോപണം തുര്‍ക്കി ക്ലബ്ബുകള്‍ നിഷേധിച്ചു. പ്രതിപക്ഷം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തു വന്നെങ്കിലും അതിനെയൊന്നും പിന്തുണക്കാന്‍ ക്ലബ്ബുകളോ തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷനോ തയാറായില്ല. സ്‌പോര്‍ട്‌സിനെ ദൈനംദിന രാഷ്ട്രീയ എതിര്‍പ്പുകളുടെ ഭാഗമാക്കാനുള്ള ശ്രമം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ഉര്‍ദുഗാന്‍ ചൂണ്ടിക്കാട്ടി. 

Latest News