കേപ്ടൗണ്‍ - ദക്ഷിണാഫ്രിക്കന്‍ പെയ്സ്ബൗളര്‍ ജെറാള്‍ഡ് കൂറ്റ്സിക്ക് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് നഷ്ടപ്പെടും. ആദ്യ ടെസ്റ്റിനിടെയുണ്ടായ പരിക്ക് വഷളാവുകയായിരുന്നു. വെള്ളിയാഴ്ച സ്കാനിംഗിന് വിധേയനായ ശേഷമാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചോവര്‍ മാത്രമാണ് കൂറ്റ്സി ബൗള്‍ ചെയ്തത്. ക്യാപ്റ്റന്‍ തെംബ ബവൂമയും രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. പകരം സുബൈര്‍ ഹംസയെ ടീമിലുള്‍പെടുത്തി. ഡീന്‍ എല്‍ഗര്‍ വിടവാങ്ങല്‍ ടെസ്റ്റില്‍ ടീമിനെ നയിക്കും. ലുന്‍ഗി എന്‍ഗീഡി, വിയാന്‍ മുള്‍ഡര്‍ എന്നീ പെയ്സ്ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ട്.
ഇന്ത്യന്‍ പെയ്സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിന് പരിശീലനത്തില്‍ ബാറ്റ് ചെയ്യവെ പന്ത് കൊണ്ട് പരിക്ക്. പരിക്ക് എത്ര ഗുരുതരമാണെന്ന് വ്യക്തമല്ല. സ്കാനിംഗ് വേണമോയെന്ന് തീരുമാനിച്ചിട്ടില്ല. പന്ത് കൊണ്ടപ്പോള്‍ ശാര്‍ദുല്‍ വേദന കൊണ്ട് പുളഞ്ഞു. പിന്നീട് നെറ്റ്സില്‍ ബൗള്‍ ചെയ്തുമില്ല. എന്നാല്‍ ബാറ്റിംഗ് തുടര്‍ന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് ബുധനാഴ്ച കേപ്ടൗണില്‍ ആരംഭിക്കും. ആദ്യ ടെസ്റ്റ് മൂന്നു ദിവസത്തിനകം ഇന്ത്യ ഇന്നിംഗ്സിന് തോല്‍ക്കുകയായിരുന്നു.
ത്രോഡൗണ്‍ നെറ്റ്സില്‍ ആദ്യമെത്തിയ ഇന്ത്യന്‍ താരം ശാര്‍ദുലായിരുന്നു. എന്നാല്‍ കാല് മണിക്കൂര്‍ പരിശീലനം നടത്തുമ്പോഴേക്കും ഇടതു ചുമലിന് പരിക്കേറ്റു. ബാറ്റിംഗ് പൂര്‍ത്തിയാക്കിയ ശേഷം ചുമലില്‍ ഫിസിയൊ ഐസ് പാക്ക് വെച്ചു.
ആദ്യ ടെസ്റ്റില്‍ ശാര്‍ദുല്‍ ബൗളിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും ആദ്യ ഇന്നിംഗ്സില്‍ വിലപ്പെട്ട 24 റണ്‍സ് സ്കോര്‍ ചെയ്തിരുന്നു.






