ലണ്ടന്‍ - ലണ്ടന്‍ ക്ലബ്ബുകളുടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്സനലിനെ 2-1 ന് ഫുൾഹം അട്ടിമറിച്ചു. അവസാനവേളയില്‍ രണ്ട് തുറന്ന അവസരങ്ങള്‍ ഫുള്‍ഹം പാഴാക്കിയിരുന്നില്ലെങ്കില്‍ ആഴ്‌സനലിന്റെ തോല്‍വി കടുതല്‍ കടുത്തതായേനേ. ആന്ദ്രെ ഹ്യൂഗൊ പെരേരയുടെ ഫ്രീകിക്ക് ആഴ്‌സനല്‍ ഗോളിയെ കീഴടക്കിയ ശേഷം ക്രോസ്ബാറിന് തട്ടിത്തെറിച്ചു. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ആഴ്‌സനല്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേ്കകു പോയി. ലിവര്‍പൂളും (19 കളികളില്‍) ആസ്റ്റണ്‍വില്ലയും (20 കളികളില്‍) 42 പോയന്റുമായി ഒന്നാം സ്ഥാനം പങ്കിടുന്നു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് (19 കളികളില്‍ 40) ഗോള്‍വ്യത്യാസത്തില്‍ പിന്നിലാണ് ആഴ്‌സനല്‍ (20 കളികളില്‍ 40). ബോണ്‍മൗത്തിനെ 3-0 ന് തോല്‍പിച്ച ടോട്ടനം (20 കളികളില്‍ 39) നാലാം സ്ഥാനത്തിന് തൊട്ടുപിന്നിലുണ്ട്.
അഞ്ചാം മിനിറ്റില്‍ തന്നെ ബുകായൊ സാക്കയിലൂടെ ലീഡ് നേടിയ ശേഷമാണ് ആഴ്‌സനല്‍ തോറ്റത്. 29ാം മിനിറ്റില്‍ റൗള്‍ ജിമിനസ് ഗോള്‍ മടക്കി. 59ാം മിനിറ്റില്‍ ബോബി റീഡാണ് ഫുള്‍ഹമിന്റെ വിജയ ഗോളടിച്ചത്. കഴിഞ്ഞ സീസണിലും അവസാന ഘട്ടം വരെ മുന്നില്‍ നിന്ന ശേഷം ആഴ്‌സനലിനെ മാഞ്ചസ്റ്റര്‍ സിറ്റി മറികടക്കുകയായിരുന്നു.






