ജിദ്ദ -പ്രശസ്തമായ ദകാര്‍ മോട്ടോര്‍ റാലി വെള്ളിയാഴച സൗദി അറേബ്യയുടെ ചരിത്രനഗരമായ അല്‍ഉലയില്‍ തുടങ്ങാനിരിക്കെ മലയാളികളുള്‍പ്പെടെ പിന്നണി സംഘം അവസാന ഒരുക്കങ്ങളുടെ തിരക്കില്‍. എഞ്ചിനിയര്‍ ജുനൈസ് ഉള്‍പ്പെടെ ഒരുപിടി മലയാളികള്‍ സംഘത്തിലുണ്ട്. ഒരുക്കങ്ങളുടെ ചുമതലയുള്ള സ്ഥാപനങ്ങളിലൊന്നായ ഗുഡ്‌ഹോപ്പിന്റെ ജീവനക്കാരാണ് അവര്‍.
പതിവുപോലെ പാലക്കാട് ഷൊര്‍ണൂരിനടുത്ത കണയം സ്വദേശി ഹാരിത് നോഹ റാലിയില്‍ മലയാളി സാന്നിധ്യമാവും. ലോകോത്തര ഡ്രൈവര്‍മാരും റൈഡര്‍മാരും മാറ്റുരയ്ക്കുന്ന സാഹസപ്പോരാട്ടത്തില്‍ മലനിരകളിലൂടെയും മരുഭൂമിയിലൂടെയും ഒരിക്കല്‍കൂടി അയ്യായിരം കിലോമീറ്റര്‍ ഹാരിതും ബൈക്കോടിക്കും. കഴിഞ്ഞ തവണ പരിക്കേറ്റ് പുറത്തായെങ്കിലും കൂടുതല്‍ ദൃഢനിശ്ചയത്തോടെയാണ് മത്സരിക്കുന്നതെന്നും വലിയ പ്രതീക്ഷകളുണ്ടെന്നും അല്‍ഉലയിലെത്തിയ ഹാരിത് മലയാളം ന്യൂസിനോട് പറഞ്ഞു.
ഇത് അഞ്ചാം തവണയാണ് ദകാര്‍ റാലിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നത്.
ഇത്തവണത്തെ യാത്രാമാര്‍ഗത്തില്‍ 60 ശതമാനവും പുതിയ വഴികളിലൂടെയാണ്. റിയാദിലായിരിക്കും വിശ്രമ ദിനം. അല്‍ഉലയില്‍ നിന്ന് തുടങ്ങുന്ന റാലി അല്‍ഹിനാകിയ, ദവാദ്മി, അല്‍സലാമിയ, ഹുഫൂഫ്, ശുബൈത വഴി റിയാദിലെത്തും. ദവാദ്മി, ഹായില്‍, അല്‍ഉല വഴി യാമ്പുവില്‍ അവസാനിക്കും.






