ബ്രസീലിന്റെ കാത്തിരിപ്പ് വിഫലം, ആഞ്ചലോട്ടി റയലില്‍ തുടരും

മഡ്രീഡ് - ഈ വര്‍ഷം റയല്‍ മഡ്രീഡുമായുള്ള കരാര്‍ അവസാനിച്ച ശേഷം കാര്‍ലൊ ആഞ്ചലോട്ടി ബ്രസീലിന്റെ ദേശീയ കോച്ചാവുമെന്ന സ്വപ്‌നം തകര്‍ന്നു. അറുപത്തിനാലുകാരനുമായുള്ള കരാര്‍ 2026 വരെ റയല്‍ നീട്ടി. ഇറ്റലിക്കാരനായ ആഞ്ചലോട്ടി ചുമതലയേല്‍ക്കുമെന്ന പ്രതീക്ഷയില്‍ ഫഌമിനന്‍സെയുടെ ഫെര്‍ണാണ്ടൊ ഡിനിസിനെ താല്‍ക്കാലിക കോച്ചായി നിയമിച്ചിരുന്നു. 60 വര്‍ഷത്തിനു ശേഷം ഒരു വിദേശ കോച്ച് ബ്രസീലിനെ പരിശീലിപ്പിക്കുമെന്ന വാര്‍ത്ത ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 
ഡിനിസ് ഫഌമിനന്‍സെയുടെ ചുമതയും വഹിക്കുന്നുണ്ട്. ഫഌമിനന്‍സെയെ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരാക്കുകയും ക്ലബ്ബ് ലോകകപ്പില്‍ ഫൈനലിലെത്തിക്കുകയും ചെയ്‌തെങ്കിലും ബ്രസീല്‍ കോച്ചെന്ന നിലയില്‍ ഡിനിസ് പരാജയമാണ്. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീല്‍ ആറാം സ്ഥാനത്താണ്. 
ഈയിടെ പുറത്താക്കപ്പെട്ട ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്‌നാള്‍ഡൊ മാസങ്ങളോളം ആഞ്ചലോട്ടിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഡിനിസിനെ താല്‍ക്കാലിക കോച്ചായി നിയമിച്ചത്. എന്നാല്‍ താന്‍ അടുത്ത വര്‍ഷം ബ്രസീല്‍ കോച്ചാവുമെന്ന വാര്‍ത്ത ആഞ്ചലോട്ടി ഒരിക്കല്‍പോലും സ്ഥിരീകരിച്ചിരുന്നില്ല. റയലിലെ പദവി തന്റെ അവസാനത്തേതായിരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. 
ആഞ്ചലോട്ടിയുടെ റെക്കോര്‍ഡുകള്‍ മാത്രമല്ല, അദ്ദേഹം മാന്യനാണ് എന്നതു കൂടി പരിഗണിച്ചാണ് കോച്ചായി നിയമിക്കുന്നതെന്ന് എഡ്‌നാള്‍ഡൊ പറഞ്ഞിരുന്നു.
 

Latest News