ലൈംഗിക പീഡനം,  നേപ്പാള്‍ ക്രിക്കറ്റര്‍ കുറ്റവാളി

കാഠ്മണ്ഡു - ലൈംഗികപീഡനക്കേസില്‍ നേപ്പാളിന്റെ ഇന്റര്‍നാഷനല്‍ ക്രിക്കറ്റര്‍ സന്ദീപ് ലാമിഷാന്‍ കുറ്റക്കാരനാണെന്ന കാഠ്മണ്ഡു ജില്ലാ കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചു. ശിക്ഷ പിന്നീട് വിധിക്കും. പീഡനത്തിനിരയായ യുവതിക്ക് ആ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം കോടതി തള്ളി. ഞായറാഴ്ചയാണ് വിചാരണ ആരംഭിച്ചത്. സ്പിന്നര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. വെള്ളിയാഴ്ച നേപ്പാള്‍ പ്രൊ ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ക്ലബ്ബ് പാര്‍സയെ ലാമിഷാന്‍ വിജയത്തിലേക്ക് നയിച്ചിരുന്നു. 
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മുന്‍ ഐ.പി.എല്‍ താരത്തിനെതിരെ ലൈംഗികാരോപണമുയര്‍ന്നത്. അപ്പോള്‍ നേപ്പാള്‍ ക്യാപ്റ്റനായിരുന്ന ലാമിഷാന്‍ കരീബിയന്‍ ട്വന്റി20 ലീഗില്‍ ജമൈക്ക തല്ലവാസിന് കളിക്കുകയായിരുന്നു. കേസിനെത്തുടര്‍ന്ന് നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തെ സസ്‌പെന്റ് ചെയ്തു. ക്ലബ്ബ് പുറത്താക്കി. കാഠ്മണ്ഡു വിമാനത്താവളത്തിലെത്തിയപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 
ജാമ്യത്തിലിറങ്ങിയ ശേഷം ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് രണ്ടില്‍ നേപ്പാള്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു. നമീബിയക്കും സ്‌കോട്‌ലന്റിനുമെതിരെ കളിച്ചു. ഒരു എതിര്‍ താരവും ലാമിഷാനെ ഹസ്തദാനം ചെയ്തില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിലും ഏഷ്യാ കപ്പിലും കളിച്ചിരുന്നു.
 

Latest News