ഭാഗ്യം സിറ്റിക്കു പിന്നാലെ, മുന്നിലുള്ള ടീമുകള്‍ക്ക് തിരിച്ചടി

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനലും ആസ്റ്റണ്‍വില്ലയും ടോട്ടനമും തോറ്റത് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗുണകരമായി. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് അഞ്ച് പോയന്റ് പിന്നിലാണ് സിറ്റി. എന്നാല്‍ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡിനെ നാളെ തോല്‍പിച്ചാല്‍ വിടവ് രണ്ട് പോയന്റായി കുറക്കാന്‍ സിറ്റിക്ക് സാധിക്കും. ഈ സീസണിലെ 19 കളികളില്‍ രണ്ടെണ്ണം മാത്രമാണ് ഷെഫീല്‍ഡ് ജയിച്ചത്. അവസാന അഞ്ച് കളികളില്‍ ഒരെണ്ണം മാത്രമേ അവര്‍ക്ക് ജയിക്കാന്‍ സാധിച്ചുള്ളൂ. 
സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്ഹാമിനെ തോല്‍പിച്ചിരുന്നുവെങ്കില്‍ ആഴ്‌സനലിന് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. എന്നാല്‍ ഈ സീസണിലാദ്യമായി അവര്‍ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ തോറ്റു (0-2).  എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ആഴ്‌സനലിന്റെ അവസാന തോല്‍വി ഏഴു മാസം മുമ്പാണ്. ബ്രൈറ്റനെ തോല്‍പിച്ചിരുന്നുവെങ്കില്‍ ടോട്ടനത്തിന് സിറ്റിയെ മറികടന്ന് നാലാം സ്ഥാനത്തേക്കുയരാമായിരുന്നു. എന്നാല്‍ 2-4 ന് എവേ മത്സരത്തില്‍ അവര്‍ പരാജയപ്പെട്ടു. 
ഏഴ് കളിയില്‍ അഞ്ചിലും ജയിക്കാനാവാതിരുന്ന സമീപകാലത്തെ സിറ്റിയുടെ തളര്‍ച്ച പൂര്‍ണമായി മുതലാക്കാന്‍ ആഴ്‌സനലിന് സാധിച്ചില്ല. ആഴസനല്‍ അവസാന നാലു കളികളില്‍ ഒരെണ്ണമേ ജയിച്ചുള്ളൂ.
വെസ്റ്റ്ഹാമിന്റെ ആദ്യ ഗോള്‍ സംശയാസ്പദമായിരുന്നു. 13ാം മിനിറ്റില്‍ കളിക്കളത്തിന് പുറത്തേക്ക് പോയി എന്ന് തോന്നിയ പന്ത് നിയന്ത്രിച്ചാണ് ജാരഡ് ബോവന്‍ ഗോളിനായി പാസ് നല്‍കിയത്. തോമസ് സൂസക് സ്‌കോര്‍ ചെയ്തു. 55ാം മിനിറ്റില്‍ ഹെഡറിലൂടെ വെസ്റ്റ്ഹാമിന്റെ രണ്ടാം ഗോളടിച്ചത് മുന്‍ ആഴ്‌സനല്‍ താരം കോണ്‍സ്റ്റാന്റിനോസ് മാവ്‌റോപനോസാണ്. ഇഞ്ചുറി ടൈമില്‍ വെസ്റ്റ്ഹാമിന് കിട്ടിയ പെനാല്‍ട്ടി മുതലാക്കാനായില്ല. പകരക്കാരന്‍ സയ്ദ് ബിന്‍ റഹയുടെ ഷോട്ട് ഗോളി ഡേവിഡ് റായ രക്ഷപ്പെടുത്തി. വെസ്റ്റ്ഹാമില്‍ നിന്ന് ജൂലൈയില്‍ ആഴ്‌സനലിലേക്ക് ചേക്കേറിയ ഡെക്ലന്‍ റൈസാണ് പെനാല്‍ട്ടിക്ക് കാരണക്കാരന്‍. ലിവര്‍പൂളിന് രണ്ട് പോയന്റ് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ആഴ്‌സനല്‍. കഴിഞ്ഞ കളിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും തോല്‍പിച്ച വെസ്റ്റ്ഹാം ആറാം സ്ഥാനത്തക്കുയര്‍ന്നു. 
ടോട്ടനത്തിനെതിരെ ആദ്യ ഒന്നേകാല്‍ മണിക്കൂര്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ബ്രൈറ്റന്‍ 4-0 ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ അവസാന കാല്‍ മണിക്കൂറില്‍ ടോട്ടനം നിരവധി അവസരങ്ങളൊരുക്കുകയും രണ്ട് ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. പരിക്കുകള്‍ കാരണം ബ്രൈറ്റന്റെ 10 കളിക്കാരെങ്കിലും വിട്ടുനില്‍ക്കുകയാണ്. 
ജാക്ക് ഹിന്‍ഷല്‍വുഡും ജോ പെഡ്രോയും 23 മിനിറ്റാവുമ്പോഴേക്കും ടോട്ടനത്തിന് 2-0 ലീഡ് നല്‍കി. ഇടവേളക്കു ശേഷം പകരക്കാരന്‍ പെര്‍വിസ് എസ്റ്റൂപിനാനും പെഡ്രോയും വല കുലുക്കി. സിറ്റിക്ക് ഒരു പോയന്റ് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ടോട്ടനം. 

Latest News