സെഞ്ചൂറിയന്‍ - ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മൂന്നു ദിവസത്തിനകം ഇന്നിംഗ്സിന് തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് തകര്‍ന്നു. തോറ്റ ശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ബൗളിംഗ് വൈകിയതിന് ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പോയന്റ് പിഴയിട്ടു. മത്സര ഫീസിന്റെ 10 ശതമാനവും പിഴയുടെ ഭാഗമാണ്. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്കു കൂപ്പുകുത്തി.
പരിശീലന മത്സരമില്ലാതയാണ് ഇന്ത്യ ഈ പരമ്പര കളിക്കുന്നത്. ആദ്യ ടെസ്റ്റ് തോറ്റതോടെ ഇതിനെതിരെ സുനില്‍ ഗവാസ്കര്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ പരിശീലന മത്സരങ്ങളില്‍ ടെസ്റ്റ് പരമ്പരക്ക് കളിക്കുന്ന പിച്ചുകള്‍ ലഭിക്കാറില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചൂണ്ടിക്കാട്ടി. പരിശീലന മത്സരങ്ങളില്‍ മുട്ടോളം പോലും പന്തുയരില്ല. ടെസ്റ്റില്‍ തലക്കു മുകളിലൂടെയാണ് പറക്കുക. അതിനാല്‍ പരിശീലന മത്സരത്തില്‍ കാര്യമില്ല. ആവശ്യത്തിനനുസരിച്ച പിച്ചില്‍ പരിശീലനം നടത്തുന്നതാണ് നല്ലതെന്ന് രോഹിത് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കളിക്കാര്‍ തമ്മില്‍ ത്രിദിന പരിശീലന മത്സരം കളിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് ഒന്നാന്തരം പിച്ച് ലഭിച്ചിരുന്നു. ടെസ്റ്റ് ടീമംഗങ്ങളായ ഷോണ്‍ ആബട്ടിനെയും മിച്ചല്‍ സ്വെപ്സനെയും ആ പരിശീലന മത്സരത്തില്‍ നേരിടാന്‍ അവസരവും കിട്ടി.
ബുംറ നന്നായി ബൗള്‍ ചെയ്തെങ്കിലും മറുതലക്കല്‍ നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ലെന്ന് രോഹിത് പറഞ്ഞു. പ്രസിദ്ധ് കൃഷ്ണക്ക് അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ശാര്‍ദുല്‍ താക്കൂറിന്റെ പതിനൊന്നാം ടെസ്റ്റും. പ്രസിദ്ധ് വലിയ പ്രതീക്ഷയുള്ള ബൗളറാണെന്നും അതിനാല്‍ പിന്തുണക്കുമെന്നും രോഹിത് വ്യക്തമാക്കി.
ഇന്ത്യന്‍ ടീമില്‍ പെയ്സ്ബൗളര്‍ അവേഷ് ഖാനെ ഉള്‍പെടുത്തി. പരിക്കേറ്റ മുഹമ്മദ് ഷമിക്കു പകരമാണ് പുതുമുഖത്തെ ടീമിലെടുത്തത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഒഴികെയുള്ളവര്‍ നിരാശപ്പെടുത്തിയിരുന്നു. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് കേപ്ടൗണില്‍ ബുധനാഴ്ച ആരംഭിക്കും.
ലോകകപ്പിനിടെയുണ്ടായ കണങ്കാലിലെ പരിക്കിനെത്തുടര്‍ന്നാണ് ഷമിക്ക് പരമ്പര നഷ്ടപ്പെടുന്നത്. ഇന്ത്യ എ ടീമിന്റെ ഭാഗമായി അവേഷ് ദക്ഷിണാഫ്രിക്കയിലുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ ബെനോനിക്കെതിരെ പുരോഗമിക്കുന്ന ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ-ക്കു വേണ്ടി അഞ്ചു വിക്കറ്റെടുത്തു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ മധ്യപ്രദേശിനു വേണ്ടി 38 വിക്കറ്റോടെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.






