റിയാദ് - ഇസ്താംബൂളിലെ ബദ്ധവൈരികളായ ഗലതസറായിയും ഫെനര്‍ബാച്ചെയും ടര്‍ക്കിഷ് സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ നാളെ റിയാദില്‍ ഏറ്റുമുട്ടും. റിയാദിലെ അല്‍അവ്വല്‍ പാര്‍ക്കിലായിരിക്കും തുര്‍ക്കി വമ്പന്മാരുടെ ആവേശപ്പോരാട്ടം. നിലവിലെ ടര്‍ക്കിഷ് സൂപ്പര്‍ലിഗ ചാമ്പ്യന്മാരാണ് ഗലതസറായ്. ഫെനര്‍ബാച്ചെ കഴിഞ്ഞ സീസണിലെ ടര്‍ക്കിഷ് കപ്പ് ജേതാക്കളും. ഇസ്താംബൂള്‍ ക്ലബ്ബുകള്‍ തമ്മിലുള്ള പോരാട്ടം ഫുട്ബോളിലെ ആവേശമേറിയ അങ്കങ്ങളിലൊന്നാണ്. തുര്‍ക്കി ലീഗില്‍ 17 റൗണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും 44 പോയന്റുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ്.
അഞ്ചു ദിവസത്തിനിടയില്‍ രണ്ടാം തവണയാണ് ഗലതസറായിയും ഫെനര്ബാച്ചയും മുഖാമുഖം വരുന്നത്. ടര്‍ക്കിഷ് സൂപ്പര്ലിഗയില് ഫെനര്‍ബാച്ചെയുടെ ഉള്കര് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരം ഗോള്‍രഹിത സമനിലയായിരുന്നു.
സൗദി സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. അല്‍അവ്വല്‍ പാര്‍ക്ക് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അന്നസ്ര്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണ്. ഇവിടെ 25,000 പേര്‍ക്ക് കളി കാണാം.
ഈ ടീമുകള്‍ തമ്മിലുള്ള അവസാന 10 കളികളില്‍ ഗലതസറായിക്കാണ് മേല്‍ക്കൈ. നാല് കളികള്‍ ഗലതസറായ് ജയിക്കുകയും നാല് കളികള്‍ സമനിലയാവുകയും ചെയ്തു. പത്തില്‍ ആറിലും ഗലതസറായ് ഗോള്‍ വഴങ്ങിയില്ല. കഴിഞ്ഞ സീസണില്‍ സ്വന്തം ഗ്രൗണ്ടിലും എവേ മത്സരത്തിലും ഫെനര്‍ബാച്ചെയെ തോല്പിക്കാന് ഗലതസറായ്ക്കു സാധിച്ചു. എന്നാല്‍ കൊളംബിയന്‍ ഡിഫന്റര്‍ ഡേവിന്‍സന്‍ സാഞ്ചസിനും സെര്‍ജിയൊ ഒലിവേരക്കും കളിക്കാനാവില്ലെന്നത് ഗലതസറായ്ക്ക് ക്ഷീണം ചെയ്യും.
അര്‍ജന്റീനയുടെ മോറൊ ഇകാര്‍ഡിയാണ് ഗലതസറായിയുടെ ആക്രമണം നയിക്കുക. ഈ സീസണില്‍ ക്ലബ്ബിനു വേണ്ടി ഇകാര്‍ഡി 17 ഗോളടിച്ചു. കറം അഖ്തുര്കോഗലു, വില്‍ഫ്രീഡ് സാഹ, ഡ്രയ്സ് മെര്‍ടന്‍സ്, ഹക്കീം സിയേഷ് എന്നിവരും ഗലതസറായ് നിരയിലുണ്ട്. ഗലതസറായ് ആറു തവണയും ഫെനര്‍ബാച്ചെ മൂന്നു തവണയും സൂപ്പര്‍ കപ്പ് ചാമ്പ്യന്മാരായിട്ടുണ്ട്.






