റിഷഭിനെ വരെ പറ്റിച്ച് വിലസിയ ക്രിക്കറ്റ് താരം ഒടുവില്‍ പിടിയില്‍

ന്യൂദല്‍ഹി -ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തിനെയും താജ് ഹോട്ടല്‍ ഉള്‍പ്പെടെ പഞ്ചനക്ഷത്ര ഹോട്ടലുകലെയും പറ്റിച്ച് അപരനായി വിലസിയ മുന്‍ ഹരിയാന അണ്ടര്‍-19 ക്രിക്കറ്റര്‍ മൃണാങ്ക് സിംഗ് ഒടുവില്‍ പോലീസ് പിടിയിലായി. കര്‍ണാടക അഡീഷനല്‍ പോലീസ് ഡയരക്ടര്‍ ജനറല്‍ അലോക് കുമാറായും മുംബൈ ഇന്ത്യന്‍സ് കളിക്കാരനായുമൊക്കെയായാണ് ഇരുപത്തഞ്ചുകാരന്‍ വിലസിയതും പണം തട്ടിയതും. 2022 ജൂലൈയില്‍ താജ് ഹോട്ടലില്‍നിന്ന് അഞ്ചര ലക്ഷത്തിലേറെ രൂപയുടെ ബില്‍ നല്‍കാതെയാണ് മൃണാങ്ക് മുങ്ങിയത്. ആഡംബര വാച്ചുകള്‍ നിസ്സാര വിലക്ക് സംഘടിപ്പിച്ചു തപരാമെന്നു പറഞ്ഞ് 2020-2021 കാലയളവില്‍ റിഷഭ് പന്തില്‍ നിന്ന് 1.63 കോടി തട്ടി. 
2022 ജൂലൈയിലാണ് ദല്‍ഹി താജ് ഹോട്ടലില്‍ മൃണാങ്ക് ഒരാഴ്ച താമസിച്ചത്. 5,53,362 രൂപയുടെ ബില്ലായി. അഡിഡാസാണ് തന്നെ ്‌സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും അവര്‍ ബില്ലടക്കുമെന്നും പറഞ്ഞ് മൃണാങ്ക് സ്ഥലം വിട്ടു. രണ്ട് ലക്ഷം രൂപ അടച്ചതിന്റെ രേഖ മൃണാങ്ക് സമര്‍പ്പിച്ചെങ്കിലും അത് ബാങ്കില്‍ ക്രെഡിറ്റായിട്ടില്ലെന്ന് കണ്ടെത്തി. മൃണാങ്കിനെ വിളിച്ചപ്പോള്‍ പണവുമായി ഡ്രൈവറെ അയക്കാമെന്ന് പറഞ്ഞു. വീണ്ടും പറഞ്ഞപ്പോള്‍ ഇതുപോലെ പലതും പറഞ്ഞ് പറ്റിച്ചു. തുടര്‍ന്നാണ് ഹോട്ടല്‍ ഗ്രൂപ്പ് പോലീസിനെ സമീപിച്ചതും കേസ് ഫയല്‍ ചെയ്തതും. 
മൃണാങ്കിന് നോട്ടീസയക്കാന്‍ പോലീസിന് സാധിച്ചില്ല. വീട്ടിലെ അഡ്രസില്‍ അയച്ചപ്പോള്‍ അയാളെ നേരത്തെ പുറത്താക്കിയതാണെന്ന് കുടുബം അറിയിച്ചു. അയാളുടെ വിലാസം മാറിക്കൊണ്ടിരുന്നു. ഫോണ്‍ സ്വിച്ചോഫായിരുന്നു. ലൊക്കേഷന്‍ കണ്ടെത്താനുള്ള പോലീസ് ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും രാജ്യം വിടുന്നത് തടയാന്‍ നടപടിയെടുക്കുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി എയര്‍പോര്‍ടില്‍ നിന്നാണ് പിടിയിലായത്. ഹോങ്കോംഗിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അവിടെ വെച്ചും ഇയാള്‍ തട്ടിപ്പിന് ശ്രമിച്ചു. തന്റെ മകനെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പറഞ്ഞ് കര്‍ണാടക എ.ഡി.ജി.പി എന്ന വ്യാജേന ദല്‍ഹിയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ മൃണാങ്ക് വിളിച്ചു. ചോദ്യം ചെയ്തപ്പോള്‍ താന്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇന്ത്യക്കു കളിച്ചിട്ടുണ്ടെന്ന് വാദിച്ചു. പിതാവ് എയര്‍ ഇന്ത്യ മാനേജറാണെന്ന് പറഞ്ഞു. 
ഒടുവില്‍ അയാള്‍ സത്യം പറയാന്‍ നിര്‍ബന്ധിതനായി. കര്‍ണാടക എ.ഡി.ജി.പിയാണെന്നും മുംബൈ ഇന്ത്യന്‍സ് താരമാണെന്നും പറഞ്ഞ് പല ഹോട്ടലുകളെയും പെണ്‍കുട്ടികളെയും ടാക്‌സി ഡ്രൈവര്‍മാരെയും തട്ടുകടകളെയും വരെ പറ്റിച്ചതായി വെളിപ്പെടുത്തി. 
ആഡംബര വസ്തുക്കളുടെ ഷോപ്പ് തുടങ്ങിയെന്നു പറഞ്ഞാണ് റിഷഭ് പന്തിനെ പറ്റിച്ചത്. റിഷഭ് പണവും സ്വര്‍ണാഭരണങ്ങളും മൃണാങ്കിന് നല്‍കി. തര്‍ക്കമായപ്പോള്‍ 1.63 കോടി രൂപയുടെ ഒത്തുതീര്‍പ്പിലെത്തുകയും ചെക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ അക്കൗണ്ടില്‍ പണം ഇല്ലായിരുന്നു. മൃണാങ്കിന്റെ ഫോണില്‍ നിരവധി യുവ മോഡലുകളുടെ അശ്ലീലചിത്രങ്ങളുണ്ടായിരുന്നു. ഐ.പി.എല്‍ താരമാണെന്നു പറഞ്ഞാണ് അവരുമായി അടുപ്പം കൂടിയത്. 
ആഡംബര ജീവിതമാണ് മൃണാങ്ക് നയിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയും പെണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കുകയും അവരുമായി വിദേശയാത്ര നടത്തുകയും ചെയ്തിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നു. നിരവധി സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. 


 

Latest News