റിയാദ് -സമീപകാലത്തൊന്നും ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയില്ലെന്നും അമേരിക്കന്‍ ഫുട്ബോളില്‍ 40 കഴിഞ്ഞും തുടര്‍ന്ന ടോം ബ്രാഡിയെ അനുകരിക്കാനാണ് ശ്രമമെന്നും ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നോവക് ജോകോവിച്. രണ്ടാം നമ്പര്‍ കാര്‍ലോസ് അല്കാരസുമായുള്ള പ്രദര്‍ശന മത്സരത്തിനാണ് മുപ്പത്താറുകാരന് റിയാദിലെത്തിയത്. പ്രൊഫഷനല്‍ ടെന്നിസിലെ 22ാം സീസണിലേക്കാണ് നോവക് കടക്കുന്നത്. നല്ല കായികക്ഷമതയുണ്ടെന്നും ഉന്നത നിലവാരത്തിലാണ് താന്‍ കളിക്കുന്നതെന്നും സെര്‍ബ് താരം പറഞ്ഞു. 2023 കരിയറിലെ ഏറ്റവും മികച്ച സീസണുകളിലൊന്നാണ്. പിന്നെയെന്തിനാണ് നിര്‍ത്തുന്നത്? -ഈ വര്‍ഷം നാല് ഗ്രാന്റ്സ്ലാമുകളില്‍ മൂന്നിലും നോവക്കാണ് ചാമ്പ്യന്‍. വിംബിള്‍ഡണ്‍ ഫൈനലില്‍ അല്‍കാരസിനോട് അഞ്ച് സെറ്റ് ത്രില്ലറില്‍ കീഴടങ്ങി.
റഫായേല്‍ നദാല്‍ ഉജ്വല ഫോമിലാണ് തിരിച്ചുവരികയെന്നും ഗ്രാന്റ്സ്ലാമുകള്‍ തന്നെയായിരിക്കും ലക്ഷ്യമെന്നും നോവക്കും അല്‍കാരസും അഭിപ്രായപ്പെട്ടു. നദാല്‍ അവസാനം കളിച്ചത് ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപണിലാണ്. അതിനു ശേഷം രണ്ട് ശസ്ത്രക്രിയ കഴിഞ്ഞു. നദാലിന്റെ 22 ഗ്രാന്റ്സ്ലാമുകളുടെ റെക്കോര്‍ഡാണ് ഈ വര്‍ഷം നോവക് തകര്‍ത്തത്. മുപ്പത്തേഴുകാരനായ നദാല്‍ അടുത്ത വര്‍ഷം വിരമിക്കും.
മൂന്ന് സെറ്റ് ത്രില്ലറില്‍ ഉന്‍സ് ജാബിറിനെ കീഴടക്കി അരീന സബലെങ്ക റിയാദ് സീസണ് ടെന്നിസ് കപ്പില്‍ വനിതാ ചാമ്പ്യനായി. ആദ്യ സെറ്റ് 6-4 ന് സ്വന്തമാക്കിയ ശേഷമാണ് ഉന്‍സ് കീഴടങ്ങിയത്. സ്കോര്‍: 4-6, 6-3, 6-4.
സബലെങ്കയും ഉന്സും ഓസ്ട്രേലിയന്‍ ഓപണിനായി ഒരുങ്ങുകയാണ്. ബ്രിസ്ബെയ്ന്‍ ഓപണിലായിരിക്കും പുതിയ വര്‍ഷത്തില്‍ അരീനയുടെ ആദ്യ മത്സരം. എന്നാല്‍ ഉന്‍സ് പരിശീലന ടൂര്‍ണമെന്റില്‍ കളിക്കാതെ ഓസ്ട്രേലിയന്‍ ഓപണില്‍ പങ്കെടുക്കും.






