ന്യൂദല്‍ഹി - ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ) ഭരണ സമിതി സസ്‌പെന്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദൈനംദിന ഭരണം നിര്‍വഹിക്കാന്‍ മൂന്നംഗ താല്‍ക്കാലിക സമിതിയെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐ.ഒ.എ) ചുമതലപ്പെടുത്തി. ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് പക്ഷം പിടിച്ചെടുത്ത ഫെഡറേഷനെ ഒളിംപ്യന്മാരുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം സസ്‌പെന്റ് ചെയ്തത്. തുടര്‍ നടപടിയെടുക്കാന്‍ ഐ.ഒ.എയോട് നിര്‍ദേശിക്കുകയും ചെയ്തു.
വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഭൂപീന്ദര്‍ സിംഗ് ബജ്‌വയാണ് താല്‍ക്കാലിക സമിതി അധ്യക്ഷന്‍. ഹോക്കി ഒളിംപ്യന്‍ എം.എം. സോമയ്യ, മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം മഞ്ജുഷ കന്‍വാര്‍ എന്നിവര്‍ അംഗങ്ങളാണ്.
ബ്രിജ്ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് യാദവാണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ ബ്രിജ്ഭൂഷന്റെ നാടായ ഗോണ്ടയില്‍ അണ്ടര്‍-15, അണ്ടര്‍-20 ദേശീയ ചാമ്പ്യന്‍ഷിപ് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ചട്ടലംഘനമാണെന്ന മറവിലാണ് ഫെഡറേഷനെ കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. ഇതിനെതിരെ നിയമ നടപടിയെടുക്കാനുള്ള ആലോചനയിലാണ് സഞ്ജയ് സിംഗ്.
യഥാര്‍ഥത്തില്‍ ഒളിംപിക് മെഡലുകാരായ സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ, ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലേറെ മെഡല്‍ നേടിയ വിനേഷ് ഫോഗട് എന്നിവരുയര്‍ത്തിയ കനത്ത പ്രതിഷേധമാണ് കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയത്.






