അവസാന പരമ്പരയില്‍ കീഴടങ്ങാതെ എല്‍ഗര്‍

സെഞ്ചൂറിയന്‍ - ഈ പരമ്പരക്കു ശേഷം വിരമിക്കുന്ന ഡീന്‍ എല്‍ഗര്‍ മാരത്തണ്‍ ഇന്നിംഗ്‌സുമായി ക്രീസ് വാണതോടെ ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് ലീഡ്. വെളിച്ചക്കുറവ് കാരണം നേരത്തെ കളി നിര്‍ത്തുമ്പോള്‍ സെഞ്ചുറിയുമായി എല്‍ഗര്‍ (140 നോട്ടൗട്ട്) തുടരുകയാണ്. ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. നേരത്തെ കെ.എല്‍ രാഹുലിന്റെ ഐതിഹാസിക സെഞ്ചുറിയിലൂടെ ഇന്ത്യ 245 റണ്‍സിലെത്തി. ആദ്യ ദിനം ആറിന് 121 ലേക്ക് തകര്‍ന്ന ഇന്ത്യയെ വാലറ്റത്തോടൊപ്പം ചേര്‍ന്ന് രാഹുല്‍ കരകയറ്റുകയായിരുന്നു. 

അറ്റാക്കിംഗ് സെഞ്ചുറി
വിരമിക്കാന്‍ ക്രിക്കറ്റ് സൗത്താഫ്രിക്ക ആവശ്യപ്പെട്ടെങ്കിലും താന്‍ ഇപ്പോഴും ഫോമിലാണെന്ന് തെളിയിക്കുന്നതായിരുന്നു എല്‍ഗറിന്റെ അറ്റാക്കിംഗ് സെഞ്ചുറി. 23 ബൗണ്ടറിയുണ്ട് എല്‍ഗറുടെ ഇന്നിംഗ്‌സില്‍. 92 റണ്‍സാണ് ബൗണ്ടറികളിലൂടെ നേടിയത്. തുടക്കത്തില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഒന്നാന്തരം പെയ്‌സ്ബൗളിംഗിലൂടെ ദക്ഷിണാഫ്രിക്കയെ പരീക്ഷിച്ചു. ഓപണര്‍ അയ്ദന്‍ മാര്‍ക്‌റമിനെ (5) മുഹമ്മദ് സിറാജ് പുറത്താക്കി. എന്നാല്‍ ഒഴുക്കോടെ കളിച്ച എല്‍ഗര്‍ വൈകാതെ നിയന്ത്രണം പിടിച്ചു. 79 പന്തില്‍ 10 ബൗണ്ടറിയോടെ അര്‍ധ ശതകം പിന്നിട്ട ഇടങ്കൈയന്‍ 140 പന്തിലാണ് പതിനാലാം സെഞ്ചുറി തികച്ചത്. ഒമ്പത് ബൗണ്ടറി കൂടി നേടി. 

സൂപ്പര്‍ രാഹുല്‍
പ്രയാസകരമായ സാഹചര്യങ്ങളില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് രാഹുല്‍ നേടിയ സെഞ്ചുറി ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. എട്ടിന് 208 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ശേഷം രാഹുലിനെ സെഞ്ചുറി (101) പൂര്‍ത്തിയാക്കാന്‍ സഹായിച്ചത് മുഹമ്മദ് സിറാജും (22 പന്തില്‍ 5) പ്രസിദ്ധ് കൃഷ്ണയുമാണ് (8 പന്തില്‍ 0 നോട്ടൗട്ട്). 133 പന്തില്‍ നാല് സിക്‌സറും 14 ബൗണ്ടറിയുമടിച്ച രാഹുല്‍ മിഡ്‌വിക്കറ്റിലൂടെ ജെറാള്‍ഡ് കൂറ്റ്‌സിയെ സിക്‌സറിനുയര്‍ത്തിയാണ് മൂന്നക്കത്തിലെത്തിയത്. തൊട്ടുപിന്നാലെ നാന്ദ്രെ ബര്‍ഗര്‍ ബൗള്‍ഡാക്കി. ബര്‍ഗര്‍ക്ക് അരങ്ങേറ്റ ഇന്നിംഗ്‌സില്‍ മൂന്നു വിക്കറ്റ് കിട്ടി.  ഇന്ത്യ 37 റണ്‍സ് ചേര്‍ത്തു. രാഹുല്‍ 70 റണ്‍സുമായാണ് തുടങ്ങിയത്. 

ബെഡിംഗാം മാജിക്
ദക്ഷിണാഫ്രിക്കക്ക് മാര്‍ക്‌റമിനെ മുഹമ്മദ് സിറാജ് എറിഞ്ഞ നാലാം ഓവറില്‍ നഷ്ടപ്പെട്ടു. വിക്കറ്റിന് പിന്നില്‍ രാഹുല്‍ ക്യാച്ചെടുത്തു. എന്നാല്‍ ടോണി ഡിസോര്‍സിക്കൊപ്പം (28) രണ്ടാം വിക്കറ്റില്‍ 93 റണ്‍സ് ചേര്‍ത്ത് എല്‍ഗര്‍ ടീമിനെ സുരക്ഷിതത്വത്തിലേക്ക് നയിച്ചു. ഡിസോര്‍സിയെയും കീഗന്‍ പീറ്റേഴ്‌സനെയും (2) തുടര്‍ച്ചയായ ഓവറുകളില്‍ പുറത്താക്കി ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ പുതുമുഖം ഡേവിഡ് ബെഡിംഗാം രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയുമായി (56) അര്‍ധ ശതകം തികച്ചു. ബെഡിംഗാമിനെ സിറാജ് ബൗള്‍ഡാക്കി. കയ്ല്‍ വരെയ്‌നെ (4) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 
മാര്‍ക്കൊ യാന്‍സനാണ് (3 നോട്ടൗട്ട്) രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. ആദ്യ ദിനം ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ക്യാപ്റ്റന്‍ തെംബ ബവൂമ ബാറ്റ് ചെയ്യുമോയെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കിയില്ല. 
സിറാജും ബുംറയും രണ്ട് വിക്കറ്റ് വീതമെടുത്തു. എന്നാല്‍ പ്രസിദ്ധിനും ശാര്‍ദുല്‍ താക്കൂറിനും സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ല. ആര്‍. അശ്വിന്‍ എ്‌ട്ടോവറേ ബൗള്‍ ചെയ്തുള്ളൂ.
 

Latest News