രാഹുലിനും എല്‍ഗറിനും സെഞ്ചുറി,  ദക്ഷിണാഫ്രിക്ക ലീഡിലേക്ക്

സെഞ്ചൂറിയന്‍ - ഇന്ത്യയുടെ കെ.എല്‍ രാഹുലിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ഓപണര്‍ ഡീന്‍ എല്‍ഗറും സെഞ്ചുറി നേടിയതോടെ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയര്‍ക്ക് മേല്‍ക്കൈ. പ്രയാസകരമായ സാഹചര്യങ്ങളില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ ഭേദപ്പെട്ട സ്‌കോറായ 245 ന് ഓളൗട്ടായി. ഓപണര്‍ ഡീന്‍ എല്‍ഗര്‍ സെഞ്ചുറിയടിച്ചതോടെ (107 നോട്ടൗട്ട്) ദക്ഷിണാഫ്രിക്ക മൂന്നിന് 174 ലെത്തി. 
സെഞ്ചൂറിയനില്‍ തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയിലാണ് രാഹുല്‍ സെഞ്ചുറി (101) നേടുന്നത്. എട്ടിന് 208 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ശേഷം രാഹുലിനെ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സഹായിച്ചത് മുഹമ്മദ് സിറാജും (22 പന്തില്‍ 5) പ്രസിദ്ധ് കൃഷ്ണയുമാണ് (8 പന്തില്‍ 0 നോട്ടൗട്ട്). സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ നാന്ദ്രെ ബര്‍ഗര്‍ ബൗള്‍ഡാക്കി. ബര്‍ഗര്‍ക്ക് അരങ്ങേറ്റ ഇന്നിംഗ്‌സില്‍ മൂന്നു വിക്കറ്റ് കിട്ടി.
ദക്ഷിണാഫ്രിക്കക്ക് ഓപണര്‍ അയ്ദന്‍ മാര്‍ക്‌റമിനെ (5) മുഹമ്മദ് സിറാജ് എറിഞ്ഞ നാലാം ഓവറില്‍ നഷ്ടപ്പെട്ടു. എന്നാല്‍ ടോണി ഡിസോര്‍സിക്കൊപ്പം (28) രണ്ടാം വിക്കറ്റില്‍ 93 റണ്‍സ് ചേര്‍ത്ത് എല്‍ഗര്‍ ടീമിനെ സുരക്ഷിതത്വത്തിലേക്ക് നയിച്ചു. ഡിസോര്‍സിയെയും കീഗന്‍ പീറ്റേഴ്‌സനെയും (2) തുടര്‍ച്ചയായ ഓവറുകളില്‍ ജസ്പ്രീത് ബുംറ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ പുതുമുഖം ഡേവിഡ് ബെഡിംഗാം ഒരു സിക്‌സറും രണ്ട് ബൗണ്ടറിയുമായി (22 നോട്ടൗട്ട്) തിരിച്ചടിച്ചു. എല്‍ഗര്‍ ഈ പരമ്പരക്കു ശേഷം വിരമിക്കുകയാണ്.
 

Latest News