ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റനില്ലാതെ ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയന്‍ - ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ സെഷനില്‍ പരിക്കേറ്റതോടെ ക്യാപ്റ്റന്‍ തെംബ ബവൂമയുടെ സേവനം ഇന്ത്യക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് നഷ്ടമാവും. ഇരുപതാം ഓവറില്‍ മാര്‍ക്കൊ യാന്‍സനെ വിരാട് കോലി കവറിലൂടെ ഡ്രൈവ് ചെയ്തപ്പോള്‍ ഫീല്‍ഡ് ചെയ്യാന്‍ ഓടുമ്പോള്‍ ബവൂമക്ക് ഇടതുകാലില്‍ പേശിവേദന അനുഭവപ്പെടുകയായിരുന്നു. പരിശോധനക്കു ശേഷം നടന്ന് ക്യാപ്റ്റന്‍ ഗ്രൗണ്ട് വിട്ടു. ഉടനെ സ്‌കാനിംഗിനു പോയി. ഫലം വിലയിരുത്തിയ ശേഷമേ ബവൂമക്ക് കളിക്കാനാവുമോയെന്ന് തീരുമാനിക്കൂ. 
ബവൂമക്ക് ബാറ്റ് ചെയ്യാനാവുന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗില്‍ ഒരാളെ നഷ്ടപ്പെടും. ഈ പരമ്പരക്കു ശേഷം വിരമിക്കുന്ന മുന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്തു. 
ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ വലതുകാലിലെ പേശിവേദനയുമായാണ് ബവൂമ കളിച്ചത്. അതിനു ശേഷം ക്യാപ്റ്റന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്ത്യക്കെതിരായ ട്വന്റി20, ഏകദിന പരമ്പരകളില്‍ കളിച്ചിരുന്നില്ല.
 

Latest News