സെഞ്ചൂറിയനില്‍ രാഹുല്‍ സെഞ്ചുറി തികക്കുമോ?

സെഞ്ചൂറിയന്‍ - സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ രക്ഷിച്ച് കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറി. തുടക്കത്തിലും ഒടുക്കത്തിലും മഴ കാരണം 31 ഓവര്‍ നഷ്ടപ്പെട്ട ആദ്യ ദിനം ഇന്ത്യയുടെ രാഹുല്‍ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. പെയ്‌സ്ബൗളര്‍ കഗീസൊ റബാദയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ വിറങ്ങലിച്ച സന്ദര്‍ശകരെ വാലറ്റക്കാര്‍ക്കൊപ്പമാണ് രാഹുല്‍ (70 നോട്ടൗട്ട്) 200 കടത്തിയത്. രണ്ടാം ദിനം വാലറ്റക്കാര്‍ക്കൊപ്പം രാഹുലിന് സെഞ്ചുറി തികക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് സെഞ്ചൂറിയനിലെ ദക്ഷിണാഫ്രിക്കന്‍ കോട്ട തകര്‍ത്ത് ഇന്ത്യ ജയം പിടിച്ചത് രാഹുലിന്റെ സെഞ്ചുറിയുടെ ബലത്തിലാണ്.
തീര്‍ത്തും ബൗളിംഗ് അനുകൂലമായ സാഹചര്യം പൂര്‍ണമായി മുതലാക്കാന്‍ ദക്ഷിണാഫ്രിക്കക്ക് സാധിച്ചില്ല. മഴയും വെളിച്ചക്കുറവും കാരണം ചായക്കു ശേഷം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ടിന് 208ലെത്തി. ഒരു ഘട്ടത്തില്‍ ആറിന് 121 ല്‍ ടീം പരുങ്ങുകയായിരുന്നു. വിക്കറ്റ്കീപ്പറുടെ ചുമതല ഏറ്റെടുത്തതിനാല്‍ മാത്രമാണ് രാഹുലിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചത്. 
വളരെ പ്രയാസകരമായ സാഹചര്യങ്ങളില്‍ ബാറ്റേന്തിയ രാഹുല്‍ പെയ്‌സ്ബൗളര്‍ നാന്ദ്രെ ബര്‍ഗറെ സിക്‌സറിനുയര്‍ത്തിയാണ് അര്‍ധ ശതകം തികച്ചത്. ശാര്‍ദുല്‍ താക്കൂറുമൊത്ത് (24) ഏഴാം വിക്കറ്റില്‍ 23 റണ്‍സും ജസ്പ്രീത് ബുംറയുമൊത്ത് (1) എട്ടാം വിക്കറ്റില്‍ 27 റണ്‍സും ചേര്‍ത്തു. കളി നിര്‍ത്തുമ്പോള്‍ മുഹമ്മദ് സിറാജാണ് റണ്ണെടുക്കാതെ കൂട്ട്. രണ്ട് സിക്‌സറും 10 ബൗണ്ടറിയുമുണ്ട് രാഹുലിന്റെ ഇന്നിംഗ്‌സില്‍.
ആദ്യ രണ്ട് സെഷനില്‍ റബാദയുടെ കൊടുങ്കാറ്റായിരുന്നു. റബാദ അഞ്ചു വിക്കറ്റെടുത്തതോടെ ഏഴിന് 176 ലാണ് ഇന്ത്യ ചായക്ക് പിരിഞ്ഞത്. റബാദ കരിയറില്‍ പതിനാലാം തവണയാണ് അഞ്ചു വിക്കറ്റ് പൂര്‍ത്തിയാക്കിയത്. 
തലേന്നത്തെ മഴ കാരണം ഈര്‍പ്പമുള്ള പിച്ചില്‍, മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (5) യശസ്വി ജയ്‌സ്വാളും (17) പത്തോവറിന് മുമ്പെ കളം വിട്ടു. രോഹിത് ഇഷ്ട ഷോട്ടായ പുള്ളിന് ശ്രമിച്ചാണ് വീണത്. ജയ്‌സ്വാളിനെ അരങ്ങേറ്റ പെയ്‌സ്ബൗളര്‍ നാന്ദ്ര ബര്‍ഗര്‍ പുറത്താക്കി. ശുഭ്മന്‍ ഗില്ലിനെയും (2) ബര്‍ഗര്‍ മടക്കിയതോടെ ഇന്ത്യ മൂന്നിന് 24 ലേക്ക് കൂപ്പുകുത്തി. വിരാട് കോലിയെയും (38) ശ്രേയസ് അയ്യരെയും (31) തുടക്കത്തില്‍ തന്നെ പുറത്താക്കാനുള്ള അവസരം മാര്‍ക്കൊ യാന്‍സനും ടോണി ഡിസോര്‍സിയും പാഴാക്കിയിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ കഥ കൂടുതല്‍ ദയനീയമായാനേ. രണ്ടു പേരും അപ്പോള്‍ നാല് റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു. 
നാലാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ലഞ്ചിനു ശേഷം മൂന്നു വിക്കറ്റോടെ റബാദ ടീമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. അവസാന സെക്കന്റില്‍ സ്വിംഗ് ചെയ്ത പന്തില്‍ കോലിയെ വിക്കറ്റ്കീപ്പര്‍ പിടിച്ചപ്പോള്‍ കട്ട് ചെയ്ത പന്തില്‍ ശ്രേയസിന്റെ കുറ്റി തെറിച്ചു. രവീന്ദ്ര ജദേജക്ക് കഴുത്ത് വേദനയനുഭവപ്പെട്ടതിനാല്‍ അവസാന നിമിഷം ടീമില്‍ ഇടംകിട്ടിയ ആര്‍. അശ്വിനും (8) റബാദക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ ശാര്‍ദുലില്‍ നിന്ന് രാഹുലിന് ഉറച്ച പിന്തുണ കിട്ടി. രണ്ട് തവണ പന്ത് ശരീരത്തിന് കൊള്ളുകയും ഒരു തവണ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്ത ശാര്‍ദുല്‍ പെയ്‌സ്ബൗളിംഗിനെ നേരിടാന്‍ ധൈര്യം കാട്ടി. 
ഗ്രൗണ്ടില്‍ നനവുണ്ടായതിനാല്‍ അര മണിക്കൂര്‍ വൈകിയാണ് കളിയാരംഭിച്ചത്. മഴ കാരണം 40 മണിക്കൂറോളം മൂടിയിട്ട നിലയിലായിരുന്നു പിച്ച്. പെയ്‌സ്ബൗളിംഗിന് പിച്ചില്‍നിന്ന് നല്ല പിന്തുണ കിട്ടിയെങ്കിലും റബാദക്ക് പുറമെ ബര്‍ഗര്‍ മാത്രമേ കാര്യമായ സമ്മര്‍ദ്ദം സൃഷ്ടിച്ചുള്ളൂ. 
പെയ്‌സ്ബൗളര്‍ പ്രസിദ്ധ് കൃഷ്ണക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരമൊരുക്കി. ദക്ഷിണാഫ്രിക്കന്‍ ടീമിലും രണ്ട് പുതുമുഖങ്ങളുണ്ട് -ബര്‍ഗറും ഡേവിഡ് ബെഡിംഗാമും.
 

Latest News