ഗുസ്തി പ്രതിഷേധം, വിനേഷ്  ഖേല്‍രത്‌ന തിരിച്ചുനല്‍കും

ന്യൂദല്‍ഹി - ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗ് പക്ഷം പിടിച്ചടക്കി ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചടക്കിയെങ്കിലും പ്രമുഖ താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ഒളിംപിക് മെഡലുകാരായ സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ബജ്‌റംഗ് പൂനിയ പത്മശ്രീ തിരിച്ചുനല്‍കുമെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്രം നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ സമരം അവസാനിപ്പിക്കില്ലെന്ന സൂചനയാണ് ഏഷ്യാഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകാരിയുമായ വിനേഷ് നല്‍കുന്നത്. ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരിച്ചുനല്‍കുമെന്ന് വിനേഷ് പ്രഖ്യാപിച്ചു. കേള്‍വിപരിമിതരുടെ ഒളിംപിക് ചാമ്പ്യന്‍ വീരേന്ദര്‍ സിംഗും പത്മശ്രീ തിരിച്ചുനല്‍കിയിരുന്നു. 
മുന്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനും ബ്രിജ്ഭൂഷനെതിരായ കേസിലെ പ്രധാന സാക്ഷിയുമായ അനിത ഷ്യോറാനെ ഏഴിനെതിരെ 40 വോട്ടിന് തോല്‍പിച്ച് ബ്രിജ്ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിംഗാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഭരണസമിതിയെ കേന്ദ്രം സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. താല്‍ക്കാലിക സമിതിയെ പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനോട് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് താന്‍ ഗുസ്തി ഭരണത്തില്‍ നിന്ന് വിരമിക്കുന്നതായി ബ്രിജ്ഭൂഷനും പ്രഖ്യാപിച്ചിരുന്നു. സസ്‌പെന്‍ഷനെതിരെ നിയമയുദ്ധം നടത്തുമെന്ന് സഞ്ജയ് സിംഗ് അറിയിച്ചിരുന്നു.
അടിയന്തരമായി അണ്ടര്‍-15, അണ്ടര്‍-20 ട്രയല്‍സ് നടത്താനുള്ള നീക്കം മറയാക്കിയാണ് ഫെഡറേഷനെ കേന്ദ്രം സസ്‌പെന്റ് ചെയ്തത്. ചട്ടങ്ങള്‍ പൂര്‍ണമായി ലംഘിച്ചാണ് ട്രയല്‍സ് നടത്തുന്നതെന്ന് സസ്‌പെന്‍ഷന്‍ നോട്ടീസില്‍ പറയുന്നു. 
ബ്രിജ്ഭൂഷനെയും അടുപ്പക്കാരെയും മാറ്റിനിര്‍ത്തുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും വനിതാ താരങ്ങള്‍ക്ക് സുരക്ഷയില്ലെന്നുമാണ് താരങ്ങളുടെ പ്രധാന പരാതി. ഗുസ്തി രാജ്യാന്തര ഫെഡറേഷന്‍ യുനൈറ്റഡ് വേള്‍ഡ് റസ്‌ലിംഗിന്റെ (യു.ഡബ്ല്യു.ഡബ്ല്യു) വിലക്ക് നേരിടുകയാണ് ഇപ്പോള്‍ ഇന്ത്യ.
 

Latest News