സെഞ്ചൂറിയന്‍ - ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. കഗീസൊ റബാദ അഞ്ചു വിക്കറ്റെടുത്തതോടെ ചായക്കു ഏഴിന് 176 ലാണ് ഇന്ത്യ കളി നിര്‍ത്തിയത്. കെ.എല്‍ രാഹുലും (39 നോട്ടൗട്ട്) ശാര്‍ദുല്‍ താക്കൂറും (24) ഏഴാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ് അവസാനിപ്പിച്ചാണ് റബാദ കരിയറില്‍ പതിനാലാം തവണ അഞ്ചു വിക്കറ്റ് പൂര്‍ത്തിയാക്കിയത്.
തലേന്നത്തെ മഴ കാരണം ഈര്‍പ്പമുള്ള പിച്ചില്‍, മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (5) യശസ്വി ജയ്‌സ്വാളും (17) പത്തോവറിന് മുമ്പെ കളം വിട്ടു. ജയ്‌സ്വാളിനെ അരങ്ങേറ്റ പെയ്‌സ്ബൗളര്‍ നാന്ദ്ര ബര്‍ഗറാണ് പുറത്താക്കിയത്. ശുഭ്മന്‍ ഗില്ലിനെയും (2) ബര്‍ഗര്‍ മടക്കി. വിരാട് കോലിയെയും (38) ശ്രേയസ് അയ്യരെയും (31) തുടക്കത്തില്‍ തന്നെ പുറത്താക്കാനുള്ള അവസരം മാര്‍ക്കൊ യാന്‍സനും ടോണി ഡിസോര്‍സിയും പാഴാക്കിയിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ കഥ കൂടുതല്‍ ദയനീയമായാനേ. റബാദയാണ് രണ്ടു പേരെയും മടക്കിയത്. കോലിയെ വിക്കറ്റ്കീപ്പര്‍ പിടിച്ചു. ശ്രേയസിന്റെ കുറ്റി തെറിച്ചു.
രവീന്ദ്ര ജദേജക്ക് പരിക്കേറ്റതിനാല്‍ അവസാന നിമിഷം ടീമില്‍ ഇടംകിട്ടിയ ആര്‍. അശ്വിന് (8) റബാദക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ആറിന് 121 ല്‍ ഒന്നിച്ച രാഹുലും ശാര്‍ദുലും 57 റണ്‍സ് കൂട്ടുകെട്ടോടെ ടീമിനെ കരകയറ്റി.
പെയ്‌സ്ബൗളര്‍ പ്രസിദ്ധ് കൃഷ്ണക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരമൊരുക്കി. ദക്ഷിണാഫ്രിക്കന്‍ ടീമിലും രണ്ട് പുതുമുഖങ്ങളുണ്ട് -ബര്‍ഗറും ഡേവിഡ് ബെഡിംഗാമും.






