ഇന്ത്യയുടെ അപ്പീല്‍ തള്ളി, പാക്കിസ്ഥാനില്‍ കളിക്കണം

ന്യൂദല്‍ഹി - പാക്കിസ്ഥാനില്‍ ഡേവിസ് കപ്പ് ടെന്നിസ് മത്സരം കളിക്കുന്നതിന് സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന്റെ പരാതി ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന്‍ ട്രൈബ്യൂണല്‍ തള്ളി. ലോക ഗ്രൂപ്പ് ഒന്ന് പ്ലേഓഫില്‍ ഇസ്‌ലാമാബാദിലാണ് പാക്കിസ്ഥാനെ ഇന്ത്യ നേരിടേണ്ടത്. 60 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ ടെന്നിസ് ടീം പാക്കിസ്ഥാനില്‍ കളിക്കുക. ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചാല്‍ പാക്കിസ്ഥാന്‍ ജയിച്ചതായി പ്രഖ്യാപിക്കും. ഇന്ത്യയെ വേള്‍ഡ് ഗ്രൂപ്പ് രണ്ടിലേക്ക് തരംതാഴ്ത്തും. സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ചായിരിക്കും പാക്കിസ്ഥാനില്‍ കളിക്കണമോയെന്ന തീരുമാനമെടുക്കുകയെന്ന് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ അനില്‍ ധൂപര്‍ അറിയിച്ചു. 
1964ല്‍ അവസാനമായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ ഡേവിസ് കപ്പ് കളിച്ചപ്പോള്‍ 4-0 ജയവുമായാണ് മടങ്ങിയത്. ഫെബ്രുവരി മൂന്നിനും നാലിനുമാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ഇന്ത്യയെ അഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം മൂന്നാമതൊരു രാജ്യത്ത് നടത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഡേവിസ് കപ്പ് കമ്മിറ്റി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷനെ സമീപിച്ചത്. 
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ സുമിത് നഗാലും ശശികുമാര്‍ മുകുന്ദും പിന്മാറിയിരുന്നു. രാംകുമാര്‍ രാമനാഥന്‍, എന്‍. ശ്രീറാം ബാലാജി, യുകി ഭാംബ്രി, നികി പൂനച്ച, സാകേത് മയ്‌നേനി എന്നിവരാണ് ടീമിലുള്ളത്. 
2019 ലും ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കേണ്ടതായിരുന്നു. അന്ന് ഇന്ത്യയുടെ അഭ്യര്‍ഥന മാനിച്ച് ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന്‍ മത്സരം കസാഖിസ്ഥാനിലേക്ക് മാറ്റി. ആ മത്സരവും ഇന്ത്യ 4-0 ന് ജയിച്ചു. കളി മാറ്റിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് അന്ന് പാക്കിസ്ഥാന്റെ മുതിര്‍ന്ന താരങ്ങള്‍ മത്സരം ബഹിഷ്‌കരിച്ചിരുന്നു.

Latest News