ന്യൂദല്‍ഹി - ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ്ഭൂഷന് ശരണ്‍ സിംഗ് പക്ഷം വിജയിച്ച ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ഭരണ സമിതിയെ കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയം ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ സസ്പെന്റ് ചെയ്തു. ബ്രിജ്ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂ. നിയമയുദ്ധം കാരണം മാസങ്ങളോളം നീണ്ടു പോയ തെരഞ്ഞെടുപ്പില്‍ മുന്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനും ബ്രിജ്ഭൂഷനെതിരായ കേസിലെ പ്രധാന സാക്ഷിയുമായ അനിത ഷ്യോറാനെയാണ സഞ്ജയ് സിംഗ് ഏഴിനെതിരെ 40 വോട്ടിന് തോല്പിച്ചത്.
ബ്രിജ് ഭൂഷന് ശരണ്‍ സിംഗിന്റെ നാടായ ഗോണ്ടയിലെ നന്ദിനി നഗറില്‍ വെച്ച് ഡിസംബര്‍ 28-ന് അടിയന്തരമായി അണ്ടര്‍-15, അണ്ടര്‍-20 ട്രയല്‍സ് നടത്താനുള്ള നീക്കം മറയാക്കിയാണ് ഫെഡറേഷനെ സസ്പെന്റ് ചെയ്തത്. ചട്ടങ്ങള്‍ പൂര്‍ണമായി ലംഘിച്ചാണ് ട്രയല്‍സ് നടത്തുന്നതെന്ന് സസ്പെന്ഷന് നോട്ടീസില്‍ പറയുന്നു.
ബ്രിജ്ഭൂഷനെയും അടുപ്പക്കാരെയും മാറ്റിനിര്‍ത്തുമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിച്ചില്ലെന്നും വനിതാ താരങ്ങള്‍ക്ക് സുരക്ഷയില്ലെന്നും പറഞ്ഞ് പ്രമുഖ താരങ്ങള്‍ പ്രതിഷേധം പുനരാരംഭിച്ചിരുന്നു. ഒളിംപിക് മെഡലുകാരി സാക്ഷി മാലിക് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ടോക്കിയൊ ഒളിംപിക്സിലെ വെങ്കല മെഡലുകാരന് ബജ്റംഗ് പൂനിയ പത്മശ്രീ ബഹുമതി പ്രധാനമന്ത്രിക്ക് തിരിച്ചു നല്‍കുന്നതായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിനെഴുതിയ വൈകാരികമായ കത്ത് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുകയും ചെയ്തു. കേള്വിപരിമിത ഒളിംപിക് ചാമ്പ്യന്‍ വീരേന്ദര്‍ സിംഗും പത്മശ്രീ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഇന്ത്യക്കേര്‍പ്പെടുത്തിയ വിലക്ക് ഉടനെ നീക്കില്ലെന്ന രാജ്യാന്തര ഫെഡറേഷന് യുനൈറ്റഡ് വേള്‍ഡ് റസ്ലിംഗിന്റെ (യു.ഡബ്ല്യു.ഡബ്ല്യു) തീരുമാനവും കേന്ദ്ര സര്‍ക്കാരിന് സമ്മര്‍ദ്ദമായി. തെരഞ്ഞെടുപ്പ് നടക്കാത്തതിന്റെ പേരിലാണ് ഓഗസ്റ്റില്‍ ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയത്. അതു കാരണം രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് രാജ്യത്തിന്റെ കൊടിക്കു കീഴില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. വനിതാ താരങ്ങള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്താതെ റസലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് യു.ഡബ്ല്യു.ഡബ്ല്യു വ്യക്തമാക്കി. കളിക്കാരുടെ ആശങ്കകര്‍ പരിഹരിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് ക്രമപ്രകാരവുമാണോ നടത്തിയതെന്ന് നിരീക്ഷകരില്‍ നിന്ന് വിവരം തേടിയിരിക്കുകയാണെന്ന് യു.ഡബ്ല്യു.ഡബ്ല്യു വക്താവ് പറഞ്ഞു. ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റിയുടെയും ഇന്ത്യന്‍ സ്പോര്‍ട്സ് മന്ത്രാലയത്തിന്റെയും റിപ്പോര്‍ട്ടുകളും പരിഗണിക്കുമെന്നും വക്താവ് വെളിപ്പെടുത്തി.






